Advertisment

ഇത് ഒരു സമ്പൂർണ്ണ മാതൃകാഗ്രാമം - ഗംഗാദേവിപ്പള്ളി മോഡൽ വില്ലേജ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

മ്പലം, പള്ളി, മസ്ജിദ്, ഗുരുദ്വാര ഒന്നുമിവിടെയില്ല. തികഞ്ഞ സാഹോദര്യത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും നാട്.

ഗംഗാദേവിപ്പള്ളി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് ഈ മാതൃകാഗ്രാമം സ്ഥിതിചെയ്യുന്നത്. വാറങ്കൽ ടൗണിൽ നിന്നും കേവലം 12 കിലോമീറ്റർ ദൂരെയാണ് ഗംഗാദേവിപ്പള്ളി.

publive-image

നമുക്ക് ഈ ഗ്രാമത്തിൽനിന്നും വളരെയേറെ പഠിക്കാനുണ്ട്. സമയമുള്ളവരും സഞ്ചാരങ്ങൾ ഇഷ്ടപ്പെടുന്ന വരും ചിട്ടയുള്ള ജീവിതരീതികൾ കണ്ടു പഠിക്കാനാഗ്രഹിക്കുന്നവരും ഒരു തവണ ഗംഗാദേവിപ്പള്ളി ഗ്രാമത്തിലേക്ക് പോകണം. വാറങ്കൽ ടൗണിൽ നല്ല താമസസൗകര്യമുള്ള ഹോട്ടലുകൾ ലഭ്യമാണ്. അവിടെ താമസിച്ചുകൊണ്ട് ഗ്രമത്തിലേക്ക് പോകാം ഒരു ദിവസം അവിടെ ചുറ്റിക്കറങ്ങി അവരുടെ അടുക്കും ചിട്ടയുമായ ജീവിത രീതികൾ ആവോളം കണ്ടുമടങ്ങാം.

വാറങ്കൽ വലിയ റെയിവേ സ്റ്റേഷനാണ്. വിശാലമായ ഒരു എയർപോർട്ട് അവിടെ സജ്ജമാണെങ്കിലും വിമാനസർവീസുകൾ ആരംഭിച്ചിട്ടില്ല.

publive-image

മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന ആദര്‍ശഗ്രാമം യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്‌ ഇവിടെയാണ്‌.

ആദ്യമായി ഇതാ ഈ മാതൃകാഗ്രാമത്തിന്‍റെ സവിശേഷതകള്‍ :-

1. സാക്ഷരത 100 %.

2. 22 വര്‍ഷങ്ങളായി ഒരു വീട്ടിലും രണ്ടില്‍ കൂടുതല്‍ കുട്ടികളില്ല.

3. എല്ലാ വീട്ടിലും ടോയിലറ്റ് ഉണ്ട്.

4. കഴിഞ്ഞ 32 വര്‍ഷമായി ഈ ഗ്രാമത്തില്‍ മദ്യനിരോധനമാണ്.

publive-image

5. എല്ലാ വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

6. 32 വര്‍ഷമായി ഗ്രാമത്തില്‍ ഒരു കുറ്റകൃത്യവും നടന്നിട്ടില്ല.

7. ഗ്രാമത്തിന്‍റെ വികസനത്തിന് 25 കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

8. ഒരു രൂപയ്ക്ക് സ്വന്തം പ്ലാന്റിൽ നിന്നും 20 ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം ലഭ്യമാണ്.

publive-image

9. വെള്ളം പാഴാക്കാതിരിക്കാന്‍ പദ്ധതികള്‍, സമ്പൂർണ്ണ മാലിന്യ സംസ്കരണം.

10 . തര്‍ക്കങ്ങള്‍ പഞ്ചായത്തിടപെട്ടു രമ്യമായി പരിഹരിക്കുന്നു.

11. ഗ്രാമത്തില്‍ മുഴുവന്‍ ടാര്‍ ,കോണ്‍ക്രീറ്റ് റോഡുകള്‍ മാത്രം.

12. മഴവെള്ളം സംഭരിക്കുന്നതിനും, വൃക്ഷങ്ങള്‍ നടുന്നതിനും തുടര്‍ സംവിധാനങ്ങള്‍.

13. സ്വന്തം പഞ്ചായത്ത് കെട്ടിടം, മീറ്റിംഗ് ഹാള്‍, പാര്‍ക്ക്.

14. പത്താം ക്ലാസ് വരെയുള്ള സ്കൂള്‍.

publive-image

15. ദിവസവും എല്ലാവർക്കും കൃത്യമായ കായിക പരിശീലനം, വ്യക്തിത്വ വികസന ക്‌ളാസ്സുകൾ, പരിസ്ഥിതിയെപ്പറ്റിയുള്ള അവബോധനം.

16. തൊഴിൽ പരിശീലനവും ചെറുകിട തൊഴിൽ സംരംഭങ്ങളും വിപണി കണ്ടെത്താനുള്ള സമിതികളും.

17 . ഗ്രാമം മുഴുവൻ ഇന്റർനെറ്റ് സംവിധാനവും സിസിടിവി ക്യാമറകളും.

18 . പബ്ലിക് അഡ്രസ്സ് സിസ്റ്റം കൂടാതെ വയോജന സംരക്ഷണ സ്‌കീമും കേന്ദ്രവും.

19 .കഴിഞ്ഞ 15 വർഷമായി പഠനം പാതി വഴിയിൽ ഉപേക്ഷിക്കുന്നവരോ, സ്‌കൂളിൽ അഡ്‌മിഷനെടുക്കാത്തവരോ ആരുമില്ല.

20. എല്ലാ ഗ്രാമീണർക്കും 100 % ഇൻഷുറൻസ് പരിരക്ഷയും, കാർഷിക ലോൺ തിരിച്ചടവിൽ 100 % കൃത്യതയും.

publive-image

സർവ്വോപരി കൃത്യമായ മാലിന്യ സംസ്കരണവും, ശുചീകരണവും മൂലം ഈ ഗ്രാമം ഒരു സമ്പൂർണ്ണ കൊതുക് നിവാരണ മേഖലയുമാണ് (Mosquito-free area).

ടോയിലറ്റ് ,റോഡുകള്‍,ജലസേചനം ഇവയൊക്കെ പൂര്‍ത്തിയായശേഷം ജില്ലാ കലക്റ്റര്‍ നേരിട്ടെത്തി ധനസഹായം നല്‍കുകയായിരുന്നു.

പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന ഗംഗാദേവിപ്പള്ളി ഗ്രാമത്തിന് നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികൾ ഈ ഗ്രാമത്തെ പലവേദികളിൽ മാതൃകയാക്കി പ്രശംസിക്കാറുണ്ട്.

1995 ലും 2006 ലും ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെ സർപ്പഞ്ച് ഉൾപ്പെടെ പ്രതിനിധികൾ മുഴുവനും വനിതകളായിരുന്നു. 1995 ൽ സംസ്ഥാന സർക്കാർ ഇതിനെ ഒരു സ്‌പെഷ്യൽ പഞ്ചായത്തായി അപ്ഗ്രേഡ് ചെയ്യുക യുണ്ടായി. 2007 ൽ കേന്ദ്രസർക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്തായും ഗംഗാദേവിപ്പള്ളിയെ തെരഞ്ഞെടുത്തിരുന്നു.

അടുത്തിടെ ഗംഗാദേവിപ്പള്ളിയുടെ വികസനമാതൃകയിൽ സംതൃപ്തനായ തെലങ്കാന മുഖ്യമന്ത്രി, അവിടെ 100 കെവി പവർ പ്ലാന്റുൾപ്പെടെ ഗ്രാമത്തിലെ വികസനപദ്ധികൾക്കായി 10 കോടി രൂപസഹായധനമായി പ്രഖ്യാപിച്ചതുകൂടാതെ ഗ്രമത്തിൽ ഒരു റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കുന്ന പ്രഖ്യാപനവുമുണ്ടായി. ഗംഗാ ദേവിപ്പള്ളിയുടെ മാതൃക ഉൾക്കൊണ്ട് തെലങ്കാനയിലെ 3 വില്ലേജുകൾ കൂടി മാതൃകാഗ്രമമായി മാറാനുള്ള തയ്യാറെടുപ്പിലാണ്.

publive-image

കൂടാതെ ഗുജറാത്തിലെ പൻസാരി( Punsari ) മഹാരഷ്ട്രയിലെ ഹിവാരെ ബസാർ (Hiware Bazar) എന്നീ ഗ്രാമങ്ങളും ഗംഗാദേവിപ്പള്ളിപോലെ മോഡൽ ആദർശ ഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയും ഗംഗാദേവിപ്പള്ളി ഗ്രാമവികസനമാതൃകയാണ് അതേപടി പ്രവർത്തികമാക്കിവരുന്നത്.

ഗംഗാദേവിപ്പള്ളി ഗ്രാമത്തില്‍ വര്‍ഷത്തിലൊരിക്കല്‍ പൊതു ഉത്സവം കൊണ്ടാടുന്നു.അല്ലാതെ മതപരമായ പൊതുചടങ്ങുകള്‍ ഒന്നും നടത്താറില്ല. പല സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നും വരെ പ്രതിനിധികള്‍ ഈ ഗ്രാമത്തെപ്പറ്റി പഠിക്കാന്‍ വന്നെത്തുന്നുണ്ട്. ഗംഗാദേവിപ്പള്ളിയിലെ ആകെ ജനസംഖ്യ 1352 ആണ്. ഗംഗാദേവിപ്പള്ളിയിൽ ഒരു മുസ്‌ലിം കുടുംബമുണ്ട്. മറ്റെല്ലാവരും ഹിന്ദുക്കളാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളും,വിദ്യാർത്ഥികളും, എന്‍ജിഒമാരും ഗംഗാദേവിപ്പള്ളിയിലെ വികസനവും ജീവിതശൈലികളും കണ്ടു മനസ്സിലാക്കാൻ നിരവധിയായി എത്താറുണ്ട്.

-പ്രകാശ് നായര്‍ മേലില

Advertisment