Advertisment

വീണ്ടുമൊരു അപകടം, പൊലിഞ്ഞത് അഞ്ച് ജീവനുകള്‍ ! എന്തുകൊണ്ട് രാത്രിയാത്രകള്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു ? - മുരളി തുമ്മാരുകുടി എഴുതുന്നു

New Update

(ആലപ്പുഴ അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യുവാക്കളാണ് മരിച്ചത്. കാര്‍ യാത്രക്കാരായ തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ സച്ചിന്‍, സുമോദ്,പ്രസാദ്, ഷിജു ദാസ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ ഐഎസ്ആര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്.

Advertisment

ദേശീയ പാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം. ഈ സാഹചര്യത്തില്‍ രാത്രി യാത്രകള്‍ എന്തുകൊണ്ട് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുവെന്ന് വിശദീകരിക്കുകയാണ് ജി 20 രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായ മുരളി തുമ്മാരുകുടി)

publive-image

രാത്രി യാത്രയാകുന്നവർ..

വീണ്ടും ഒരു രാത്രി അപകടം കൂടി

പതിവായി അപകടം നടക്കുന്ന സ്ഥലം തന്നെ, കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റോഡ് യാത്രയിൽ. ഇത്തവണ മരിച്ചത് അഞ്ചു യുവാക്കളാണ്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.

രാത്രി പത്തുമണിക്ക് ശേഷവും രാവിലെ ആറുമണിക്ക് മുൻപും യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്.

പകലും അപകടം ഉണ്ടാകാമല്ലോ? പിന്നെന്തിനാണ് രാത്രി യാത്ര മാത്രം ഒഴിവാക്കുന്നത്?

രാത്രിയിൽ തിരക്ക് കുറവല്ലേ? അപ്പോൾ അതല്ലേ സുരക്ഷിതം?

സ്വാഭാവികമായ ചോദ്യങ്ങൾ ആണ്.

എന്തുകൊണ്ടാണ് രാത്രി യാത്ര കൂടുതൽ അപകടം ഉണ്ടാക്കുന്നത് ?

ഓരോ സെക്കൻഡും പൂർണ്ണമായി റോഡിൽ ശ്രദ്ധിച്ചാൽ മാത്രമേ സുരക്ഷിതമായി വാഹനം ഓടിക്കാൻ പറ്റൂ. ഒരു മണിക്കൂറിൽ അറുപത് കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു വാഹനം സെക്കൻഡിൽ പതിനേഴ് മീറ്ററോളം പോകും. എഫ്. എം. റേഡിയോയുടെ ഒരു ചാനൽ മാറ്റാൻ പോകുന്ന രണ്ടു സെക്കൻഡിൽ 34 മീറ്റർ ദൂരമാണ് റോഡിൽ ശ്രദ്ധിക്കാതിരിക്കുന്നത്. ഒരപകടം വരാൻ ആ സമയം മതി.

രാത്രി ഉറങ്ങുന്ന ഒരു ജീവിയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ പകൽ മനുഷ്യനുള്ളത്രയും ശ്രദ്ധ രാത്രി കിട്ടില്ല എന്നതാണ് ഒന്നാമത്തെ കാര്യം.

പലപ്പോഴും പകൽ ജോലികൾ ചെയ്തതിന് ശേഷമാണ് രാത്രിയും ആളുകൾ വണ്ടി ഓടിക്കുന്നത്. ഡ്രൈവർമാർ ആണെങ്കിൽ പ്രത്യേകിച്ചും. അപ്പോൾ പകൽ ചെയ്ത ജോലിയുടെ ക്ഷീണവും രാത്രിയുടെ സ്വാഭാവികമായ തളർച്ചയും കൂട്ടുന്പോൾ ശ്രദ്ധ വളരെ കുറയുന്നു

നമ്മുടെ മിക്ക റോഡുകളിലും രാത്രികളിൽ വേണ്ടത്ര വെളിച്ചം ഇല്ല. അപ്പോൾ പൂർണ്ണമായി അടുത്തോ ദൂരത്തിലോ ഉള്ള കാഴ്‌ച കാണാൻ പറ്റില്ല

അനവധി ആളുകൾക്ക് പകൽ കാണുന്നത് പോലെ രാത്രി വെളിച്ചത്തിൽ കാണാൻ പറ്റില്ല എന്നതും വസ്തുതയാണ്.

മറുഭാഗത്ത് നിന്നും വരുന്ന വാഹനത്തിന്റെ വെളിച്ചം പലപ്പോഴും കാഴ്ചയെ കുറക്കുന്നു. കണ്ണട വച്ചിട്ടുള്ളവർക്ക് ഇത് പ്രത്യേക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു

വൈകുന്നേരം ഭക്ഷണം കഴിച്ചതിന് ശേഷം വാഹനം ഓടിക്കുന്നത് തളർച്ച കൂട്ടുന്നു, ശ്രദ്ധ കുറക്കുന്നു.

വൈകുന്നേരങ്ങളിൽ മദ്യപിച്ച് ഓടിക്കുന്നവരുടെ എണ്ണം കൂടുന്നു, ഡ്രൈവറുടെ ജഡ്ജ്‌മെന്റ് കുറയുന്നു.

സ്ഥിരമായി രാത്രി മരുന്നുകൾ കഴിക്കുന്ന ആളുകൾ ഉണ്ട്. ചില മരുന്നുകൾ മയക്കം ഉണ്ടാക്കുന്നവയാണ്, ഇത് ശ്രദ്ധ കുറക്കുന്നു.

നമ്മുടെ ഡ്രൈവിങ്ങ് പരിശീലനത്തിലോ പരീക്ഷയിലോ രാത്രി ഡ്രൈവിങ്ങ് ഉൾപ്പെട്ടിട്ടില്ല. അപ്പോൾ രാത്രിയിൽ ഓടിച്ച് പരിചയം ഉണ്ടാകണം എന്നില്ല.

ഇനി നിങ്ങൾ ഈ പറഞ്ഞ ഒരു ഗണത്തിലും പെടുന്നതല്ല എന്ന് കരുതിയാലും പ്രശ്നം തീരുന്നില്ല.

റോഡിലുള്ള മറ്റു ഡ്രൈവർമാർക്ക് ആർക്കെങ്കിലും മുൻപറഞ്ഞ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് നിങ്ങളുടെ ജീവനെടുത്തേക്കാം.

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്, രാത്രിയിൽ നാലു മണിക്കൂർ കൊണ്ട് ഓടിച്ച് എത്തി ചേരാം.

ഒരു മിനുട്ടിൽ ശരാശരി അഞ്ചു വാഹനങ്ങൾ നമ്മുടെ എതിരെ വരുന്നു എന്ന് കരുതുക. അപ്പോൾ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ ആയിരത്തി ഇരുന്നൂറ് വാഹനങ്ങൾ നമുക്കെതിരെ വരും. അതിൽ ആയിരത്തി ഇരുന്നൂറ് ഡ്രൈവർമാർ ഉണ്ട്.

നമ്മുടെ ലൈനിൽ നമ്മുടെ തൊട്ടു മുന്നിലോ പിന്നിലോ ഓവർടേക്ക് ചെയ്യുന്നതോ ആയ ഒരു പത്തു ശതമാനം കൂടി കൂട്ടുക.

അപ്പോൾ നമ്മൾ എത്ര ശ്രദ്ധിച്ച് ഡ്രൈവ് ചെയ്താലും മറ്റ് 1340 ഡ്രൈവർമാരുടെ കയ്യിലാണ് നമ്മുടെ ജീവൻ. അതിൽ ഒരാൾ മുൻപ് പറഞ്ഞ ഏതെങ്കിലും രീതിയിൽ ക്ഷീണിതൻ ആയാൽ മതി.

ശേഷം ചിന്ത്യം

രാത്രിയാത്രകൾ ഒഴിവാക്കുന്നത് ഒരു ശീലമാക്കുക

മുരളി തുമ്മാരുകുടി

Advertisment