അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ( ISS ) യൂറോപ്യൻ അന്തരീക്ഷയാത്രികനായ അലക്‌സാണ്ടർ ഗസ്റ്റ് പുറത്തുവിട്ടതാണ് ഈ ചിത്രവും അനുബന്ധവിവരങ്ങളും. അന്തരീക്ഷത്തിൽ രൂപംകൊണ്ടിരിക്കുന്ന 'ട്രാമി' (TRAMI) എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലി, കാറ്റഗറി 5 ഇനത്തിൽപ്പെട്ട ഉഗ്രപ്രതാപിയായ (SUPER TYPHOON ) കൊടുങ്കാറ്റായി അടുത്ത 4 ദിവസത്തിനുള്ളിൽ ജപ്പാൻ,തായ്‌വാൻ ,ചൈന എന്നീ രാജ്യങ്ങളിൽ സംഹാരം വിതയ്ക്കാൻ സാധ്യത ഏറെയാണ്.
ഇത് ഇന്ന് ഉച്ചയ്ക്കുള്ള സ്ഥിതിയാണ്. ചുഴലി ഇപ്പോൾ നിശ്ചലാവസ്ഥയിലാണ്. ഇതിന്റെ ഗതി മാറപ്പെടുകയും മറ്റേതെങ്കിലും ദിശയിലേക്കു നീങ്ങാനുമുള്ള സാദ്ധ്യതകളും തള്ളിക്കളയാനാകില്ല. ലോകമെമ്പാടുമുള്ള കാലാവസ്ഥാനിരീക്ഷകരും ശാസ്ത്രജ്ഞരും ഇതിനെ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നു.
ട്രോമി കൊടുങ്കാറ്റ് വീശിയടിക്കുന്ന സ്ഥലങ്ങളിൽ 140 കി.മീറ്റർ വേഗതയിൽ കാറ്റടിക്കാനും പേമാരിക്കും സാദ്ധ്യതയുണ്ട്. ജപ്പാനിൽ ഈ മാസം വീശിയടിച്ച 'ജെബി' കൊടുങ്കാറ്റുമൂലം 13 പേർ മരിക്കുകയും 4 .5 ബില്യൺ ഡോളറിന്റെ ( 32000 കോടി രൂപ) നഷ്ടമുണ്ടാകുകയും ചെയ്തു. ഇനിയൊരു കൊടുങ്കാറ്റുകൂടി താങ്ങാനുള്ള കരുത്തു അവർക്കുണ്ടാകുമോ?
ജപ്പാനിലേയും - തായ്‌വാനിലേയും ജനത ഒന്നടങ്കം ഭീതിയിലാണ്. ആ രാജ്യങ്ങളിലെ ജനങ്ങൾക്ക് സർക്കാർ ജാഗ്രതാനിർദേശം ഇന്നുതന്നെ നൽകിക്കഴിഞ്ഞു.എല്ലാവരും വളരെ കരുതലോടെയിരിക്കണം എന്നാണു നിർദ്ദേശം നൽകിയിരിക്കുന്നത്.
Super Typhoon 'Trami' ദുർബലമാകില്ല എന്ന മുന്നറിയിപ്പാണ് അലക്‌സാണ്ടർ ഗസ്റ്റ് നൽകുന്നത് . രണ്ടാഴ്ചമുമ്പ് ഫിലീപ്പീൻസിലും ചൈനയിലും വീശിയടിച്ച ,നൂറ് കണക്കിനാൾക്കാർ മരിക്കുകയും 30 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്ത Mangkhut ചുഴലിക്കൊടുങ്കാറ്റിനേക്കാൾ പ്രഹരശേഷിയുള്ളതാണ് വരാൻ പോകുന്ന 'Trami' കൊടുങ്കാറ്റ് . ഇതിനുശേഷം ഉണ്ടാകാൻ പോകുന്ന പേമാരിയും പ്രളയവും കൂടുതൽ അപകടം വരുത്തുന്നവയാണ്.
ഭീതിയുണർത്തുന്ന വാർത്തകളാകും ഇതുസംബന്ധമായി വരുംനാളുകളിൽ വരാൻപോകുന്നത് എന്ന് കാലാവസ്ഥാകേന്ദ്രങ്ങളും വിലയിരുത്തുന്നു. (BN ).