Advertisment

50 സെക്രട്ടറിമാരെ നിയമിക്കാന്‍ കെപിസിസി നല്‍കിയത് 116 അംഗ പട്ടിക. ആദ്യം 111 അയച്ചപ്പോള്‍ വെട്ടിക്കുറയ്ക്കാനായി എഐസിസി തിരിച്ചയച്ച പട്ടികയില്‍ 5 പേരുകൂടി ചേര്‍ത്ത് മടക്കിവിട്ടു. പട്ടിക മടക്കി ഹൈക്കമാന്‍റ്. ഗ്രൂപ്പുകളുടെ നോമിനികള്‍ മാത്രം 72, എംപിമാര്‍, മുന്‍ പിസിസി അധ്യക്ഷന്‍മാര്‍, ഗ്രൂപ്പ് രഹിത നേതാക്കള്‍ എന്നിവര്‍ക്കു പുറമേ 3 ഘടകകക്ഷി നേതാക്കള്‍ക്കും പിസിസിയിലേയ്ക്ക് നോമിനികള്‍ !

author-image
കിരണ്‍ജി
New Update

 

Advertisment

publive-imageതിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ കൗതുകകരമായ വഴിത്തിരിവ്. ജനറല്‍ സെക്രട്ടറിമാരുടെ ലിസ്റ്റുതന്നെ ജംബോ പട്ടികയായി മാറിയതിനാല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലെങ്കിലും പരിധി ലംഘിക്കരുതെന്ന ഹൈക്കമാന്‍റ് നിര്‍ദ്ദേശത്തിന്‍റെ പേരില്‍ 6 മാസമായി മുടങ്ങിക്കിടന്ന പുനസംഘടനാ നീക്കം വീണ്ടും സജീവമായപ്പോള്‍ ഭാരവാഹികളുടെ എണ്ണം 116 ലെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ജംബോലിസ്റ്റ് ഇത് മൂന്നാം തവണയും ഹൈക്കമാന്‍റ് തിരിച്ചയച്ചു.

ആദ്യം ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും ഒന്നിച്ചു പ്രഖ്യാപിക്കാനായിരുന്നു തീരുമാനമെങ്കിലും പട്ടിക 100 കടന്നതോടെ ജനറല്‍ സെക്രട്ടറിമാരെ മാത്രം നിശ്ചയിച്ച് സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാന്‍റ് മടക്കുകയായിരുന്നു.

ഒടുവില്‍ പല ഘട്ടങ്ങളിലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ഗ്രൂപ്പുകളുടെയും എംപിമാരുടെയും  മുന്‍ പിസിസി അധ്യക്ഷന്മാരുടെയും ഒടുവില്‍ ഘടകകക്ഷി നേതാക്കളുടെ വരെ നോമിനിമാരെ ഉള്‍പ്പെടുത്തി 111 അംഗ പട്ടിക കഴിഞ്ഞയാഴ്ചയാണ് പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എഐസിസിക്ക് സമര്‍പ്പിച്ചത്.  രണ്ടു ദിവസംകൊണ്ടുതന്നെ പട്ടിക എഐസിസി മടക്കി അയച്ചു. ലിസ്റ്റ് വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്.

ഇതോടെ വീണ്ടും ചര്‍ച്ച നടന്നു. ആരും ആരുടെയും നോമിനികളെ പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഒഴിവാക്കാന്‍ പറ്റാത്ത ചില പുതിയ പേരുകള്‍ വരികയും ചെയ്തു. ഇതോടെ പഴയ 111-നൊപ്പം 5 പേരെക്കൂടി ചേര്‍ത്ത് ഈയാഴ്ചയാണ് 116 അംഗ പട്ടിക പിസിസി നേതൃത്വം വീണ്ടും ഡല്‍ഹിക്കയച്ചത്. കവര്‍ പൊട്ടിച്ച താമസമേ ഡല്‍ഹിയില്‍ എടുത്തിട്ടുള്ളു എന്നാണറിവ്, അത് മടക്കി !

ഇതോടെ പിസിസി പുനസംഘടന ഉടനെങ്ങും നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. 116 അംഗ പട്ടികയില്‍ 36 വീതം എ, ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. അതുതന്നെ 72 ആയി. സെക്രട്ടറിമാരുടെ എണ്ണം 50 ല്‍ ഒതുക്കണമെന്ന് എഐസിസി പറഞ്ഞിടത്താണ് ഗ്രൂപ്പു നോമിനികള്‍ 72 ലെത്തിയത്.

അതിനുപുറമേ മുന്‍ പിസിസി പ്രസിഡന്‍റുമാര്‍ക്ക് രണ്ട് മുതല്‍ 5 വരെ നോമിനികള്‍, എംപിമാരുടെ നോമിനികള്‍, മുന്‍ എംപിമാരുടെ നോമിനികള്‍, ഗ്രൂപ്പില്ലാത്ത മുതിര്‍ന്ന നേതാക്കളുടെ നോമിനികള്‍ എല്ലാം കൂടിയായപ്പോള്‍ എണ്ണം നൂറു കടന്നു.

ഏറ്റവും രസകരമായ കാര്യം പിസിസി സെക്രട്ടറിമാരെ  നിയമിക്കുന്നതില്‍ ചല ഘടക കക്ഷി നേതാക്കളുടെ സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നതാണ്.

ഇന്നയാളുടെ പിസിസി ഭാരവാഹിയാക്കിയാല്‍ തങ്ങളുടെ മണ്ഡലത്തില്‍ മുന്നണി ശക്തിപ്പെടും എന്ന് സ്നേഹരൂപേണ നിര്‍ദ്ദേശിച്ചുകൊണ്ടാണ് 3 ഘടക കക്ഷി നേതാക്കള്‍ പിസിസി നേതൃത്വത്തിന് ശുപാര്‍ശ നല്‍കിയതത്രെ.

രണ്ട് ലീഗ് നേതാക്കളും ഒരു കേരളാ കോണ്‍ഗ്രസ് നേതാവുമാണ് ഇപ്രകാരം കത്ത് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.  ഇതും 116 അംഗ പട്ടികയില്‍ നോമിനികളെ നിര്‍ണയിച്ച നേതാക്കളുടെ പേരുകളോടൊപ്പം ഇടംപിടിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തായാലും ഈ പട്ടിക നേര്‍പകുതിയാക്കി വെട്ടിച്ചുരുക്കാതെ സെക്രട്ടറിമാരുടെ ലിസ്റ്റ് അംഗീകരിക്കില്ലെന്ന വാശിയിലാണ് എഐസിസി. തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് ഇനി ഒന്നര മാസംകൂടി മാത്രമാണ് അവശേഷിക്കുന്നത്.

8 മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. അതിനു മുന്‍പായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുനസംഘടന പൂര്‍ത്തിയാക്കേണ്ടതുണ്ട്. പക്ഷേ അത് എളുപ്പമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

aicc
Advertisment