Advertisment

ഗുജറാത്ത് വോട്ടോടെ ദേശീയ പാർട്ടിയാകാൻ എഎപി; തൂത്തുവാരിയില്ലെങ്കിലും ശക്തി തെളിയിച്ച് ചൂല്

author-image
Charlie
New Update

publive-image

Advertisment

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്ര തേരോട്ടം. കോൺഗ്രസ് തകർന്നടിഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പിൽ അട്ടിമറി പ്രഖ്യാനം നടന്നില്ലെങ്കിലും കോൺഗ്രസിനെ വിറപ്പിച്ച് വരവറിയിക്കാൻ എഎപിക്ക് കഴിഞ്ഞു. 27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ചാണ് ആം ആദ്മി പാർട്ടി ഇത്തവണ കളത്തിലിറങ്ങിയത്. ഡൽഹി പഞ്ചാബ് സംസ്ഥാനങ്ങളിൽ നേടിയ ജയം കരുത്തേകുന്നു.

സംസ്ഥാനത്ത് എഎപി നടത്തിയ മികച്ച മുന്നേറ്റം പ്രതിപക്ഷ ഇടം സ്വന്തമാക്കുക എന്ന അപ്രഖ്യാപിതലക്ഷ്യത്തിലേക്കുള്ള എഎപിയുടെ മികച്ച ചുവടായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായപ്പോൾ എഎപി നടത്തിയത് മികച്ച മുന്നേറ്റം. താമര വിരിഞ്ഞു പരിലസിക്കുന്ന മണ്ണിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ അവർക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി അക്കൗണ്ട് തുറക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പാർട്ടിയെ സംബന്ധിച്ച് ഇത് അഭിമാനാർഹം.

ഡൽഹിയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി രണ്ടാം ദിനം മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു. ഗുജറാത്ത് ജനതയുടെ വോട്ടോടെ ദേശീയ പാർട്ടി എന്ന പദവി ആം ആദ്മി നേടും. ബി.ജെ.പിക്കും കോൺഗ്രസിനും ഏറെ പിന്നിലാണെങ്കിലും എഎപി 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ദേശീയ പാർട്ടിയാകാൻ എഎപിക്ക് രണ്ട് സീറ്റും ആറ് ശതമാനം വോട്ടും നേടേണ്ടതുണ്ട്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ രണ്ടക്ക സീറ്റുകൾ നേടുന്നത് അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് സാധ്യതകൾ കാണിക്കുന്നുണ്ടെങ്കിലും ഗുജറാത്തിലെ ബിജെപി കോട്ടയിൽ ചുവടുറപ്പിക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

‘ഗുജറാത്തിലെ ജനങ്ങളുടെ വോട്ട് കൊണ്ട് ആം ആദ്മി പാർട്ടി ഇന്ന് ദേശീയ പാർട്ടിയായി മാറുകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അധിഷ്ഠിതമായ രാഷ്ട്രീയത്തിന് ആദ്യമായി രാജ്യത്ത് അംഗീകാരം ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ’- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

Advertisment