കീവ്: കരിങ്കടല്‍ മുഖേന ധാന്യ കയറ്റുമതി നടത്തുന്ന കപ്പലുകളെ ആക്രമിക്കില്ലെന്ന കരാര്‍ പുതുക്കാന്‍ റഷ്യ വിസമ്മതിക്കുന്നു. യുക്രെയ്നില്‍ നിന്നുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ കയറ്റുമതി, യുദ്ധം കാരണം നിലച്ചതോടെ ആഗോളതലത്തില്‍ തന്നെ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതെത്തുടര്‍ന്നാണ് ലോക രാജ്യങ്ങള്‍ ഇടപെട്ട് റഷ്യയും യുക്രെയ്നും തമ്മില്‍ കയറ്റുമതി തടസപ്പെടാതിരിക്കാന്‍ കരാര്‍ രൂപീകരിച്ചത്.
യു.എന്നിന്റെയും തുര്‍ക്കിയയുടെയും മധ്യസ്ഥതയില്‍ രൂപീകരിച്ച ഈ കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി സുഗമമായി നടന്നത്. 32 ദശലക്ഷം ടണ്ണിലേറെ ധാന്യമാണ് പ്രത്യേക ഉടമ്പടി പ്രകാരം കരിങ്കടലിലൂടെ കയറ്റിയയച്ചത്. ഈ കരാറിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇതു പുതുക്കാനുള്ള ശ്രമം നടക്കുന്നത്. എന്നാല്‍, റഷ്യ ഇതിനു വഴങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തിലെ വലിയ ധാന്യഉല്‍പാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നില്‍നിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും. 20 ശതമാനം വരെ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങളില്‍നിന്നാണ്.