ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ വന്‍ കുതിച്ചുചാട്ടം കാരണം ലോകം നേരിടുന്ന ഭീഷണികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി ചര്‍ച്ച നടത്തും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള സുരക്ഷയെയും സമാധാനത്തേയും എങ്ങനെ ബാധിക്കുന്നു എന്നതുമായി ബന്ധപ്പെട്ട് അന്തര്‍ദേശീയ ചര്‍ച്ചയ്ക്കും സഭ ആഹ്വാനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെയിംസ് ക്ളെവര്‍ലി നേതൃത്വം നല്‍കും. സഭയുടെ ഈ മാസത്തെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്.
അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ വളര്‍ന്നുവരുന്ന ഭീഷണികള്‍ എങ്ങനെ നേരിടണം എന്നത് ലോകവ്യാപകമായി ഭരണകൂടങ്ങളുടെ പരിഗണനയിലുള്ള വിഷയമാണ്. അന്തര്‍ദേശീയ ആണവോര്‍ജ എജന്‍സിക്ക് (ഐഎഇഎ) സമാനമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആഗോള നിയന്ത്രണത്തിനായി ഒരു സമിതിക്ക് തുടക്കമിടണമെന്ന ചില നിര്‍മിതബുദ്ധി വിദഗ്ദരുടെ നിര്‍ദേശത്തിന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ജൂണില്‍ പിന്തുണ നല്‍കിയിരുന്നു.