കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കബറിടം ഒരുക്കും. പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് ഉമ്മൻ ചാണ്ടിയ്ക്ക് വേണ്ടി പ്രത്യേക കബർ പണിയാൻ പള്ളി അധികാരികൾ തീരുമാനിച്ചത്. പള്ളിയുടെ അങ്കണത്തിൽ വൈദികരുടെ കബറിടത്തോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.
ഉമ്മൻ ചാണ്ടിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് പുതുപ്പള്ളി സെന്റ് ജോർജ് പള്ളി. ഞായറാഴ്ച ദിവസങ്ങളിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയ്ക്ക് നിർബന്ധമായി ഉമ്മൻ ചാണ്ടി പങ്കെടുത്തിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിൽ അത്രമേൽ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.
പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും എവിടെയാണെങ്കിലും ഉമ്മൻ ചാണ്ടി ഓടിയെത്തും. പള്ളിയുമായി അദ്ദേഹത്തിന് വലിയ ആത്മബന്ധമുണ്ടായിരുന്നു എന്ന് പള്ളി വികാരി ഫാദർ വർഗീസ് പറഞ്ഞു. പുതുപ്പള്ളിക്ക് അദ്ദേഹം ചെയ്ത സേവനങ്ങൾക്കാണ് ഇത്തരത്തിൽ ആദരം നൽകുന്നത്. കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് പള്ളി ഇത്തരം ഒരു സൗകര്യം അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്.