Advertisment

ഇടുക്കി തങ്കമണിയിൽ കല്യാണപ്പിറ്റേന്ന് നവവധുവിനെ വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് വീട്ടുകാരെ മര്‍ദിച്ചശേഷം പെണ്‍വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി; ബ്ലോക്ക് മെമ്പര്‍ ഉൾപ്പെടെ 15 പേര്‍ക്കെതിരേ കേസ്

author-image
neenu thodupuzha
New Update

ചെറുതോണി: കല്യാണപ്പിറ്റേന്ന് നവവധുവിനെ പെണ്‍വീട്ടുകാര്‍ തട്ടികൊണ്ട് പോയതായി പരാതി. കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശി ചിഞ്ചുഭവനില്‍ ബി. രഞ്ജിത്തിന്റെ ഭാര്യ ഹിബയെയാണ് ഒരുകൂട്ടം ആളുകളെത്തി തട്ടിക്കൊണ്ട് പോയത്.

Advertisment

ഇടുക്കി തങ്കമണി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉദയഗിരിയില്‍ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഹിബയുടെ ബന്ധുവും കൂട്ടരും ചേര്‍ന്ന് വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് വീട്ടുകാരെ മര്‍ദിച്ചശേഷം തട്ടിക്കൊണ്ട് പോയത്.

publive-image

സംഭവത്തില്‍ കെ.എസ്.യു.  സംസ്ഥാന വൈസ് പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പിടവൂര്‍ ഡിവിഷന്‍ അംഗവുമായ യദുകൃഷ്ണന്‍, പെണ്‍കുട്ടിയുടെ ബന്ധുവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എച്ച്. അനീഷ് ഖാന്‍ എന്നിവരടക്കം 15 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

കൊല്ലം പത്തനാപുരം പനംപറ്റ സ്വദേശിയായ ചിഞ്ചുഭവനില്‍ ബി. രഞ്ജിത്ത് (26), ഏനാദിമംഗലം മായൂര്‍ സ്വദേശിയായ ഹിബ (19) എന്നിവരുടെ വിവാഹം പതിനഞ്ചിനാണ് നടന്നത്. രഞ്ജിത്തും ഹിബയും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരാണ്. നാലുവര്‍ഷം പ്രണയത്തിലായിരുന്ന ഇവര്‍ ഹിബയുടെ വീട്ടില്‍ അറിയാതെയാണ് പരുത്തിമല ശ്രീ കൈലാസം അര്‍ധ നാരീശ്വര ചിന്താമണി ക്ഷേത്രത്തില്‍ വിവാഹം കഴിച്ചത്.

വിവാഹത്തിന് ശേഷം ഹിബയുടെ വീട്ടിലേക്ക് രഞ്ജിത്ത് വിളിച്ച് വിവരം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇടുക്കി ഉദയഗിരിയിലുള്ള രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിലേക്കു ഹിബയും രഞ്ജിത്തും എത്തി.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് നാലു വാഹനങ്ങളിലായി എത്തിയ ഇരുപത്തഞ്ചോളം പേര്‍ രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിലെത്തി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടിലുണ്ടായിരുന്നവരെ മര്‍ദിച്ചവശരാക്കിയതായാണ് പരാതി.  ഹിബയെ മര്‍ദിച്ച് ബോധരഹിതയാക്കി കാറില്‍ കടത്തിക്കൊണ്ട് പോയെന്ന് രഞ്ജിത്ത് പറയുന്നു. രഞ്ജിത്തിന്റെ സഹോദരി രമ്യ, ഭര്‍ത്താവ് കവലയില്‍ സതീഷ്, സതീഷിന്റെ വയോധികനായ പിതാവ്, കുട്ടികള്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

എച്ച്. അനീഷ് ഖാന്‍, യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തി ഭാര്യയെ തട്ടിക്കൊണ്ടു പോയതെന്നാണ് രഞ്ജിത്ത് പറയുന്നത്. സംഘം കടത്തിക്കൊണ്ടുപോയി പത്തനാപുരത്തെത്തിച്ച ഹിബയെ പോലീസ് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ താത്പര്യ പ്രകാരം ഭര്‍ത്താവിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

ഈ സമയം രഞ്ജിത്ത് സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ രഞ്ജിത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അനീഷ് ഖാനും യദുകൃഷ്ണനും വാഹനത്തില്‍ പിന്തുടര്‍ന്ന് ഓട്ടോറിക്ഷ തടഞ്ഞ് ഹിബയെ വീണ്ടും തട്ടിക്കൊണ്ട് പോയെന്നാണ് പരാതി. സംഭവത്തില്‍ തങ്കമണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment