മലപ്പുറം: അകമ്പാടത്ത് വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ചാലിയാര്‍ പഞ്ചായത്തിലെ കോണമുണ്ട സ്വദേശി രാജേഷാണ് മുങ്ങിയത്.
മമ്പാട് പന്തലിങ്ങല്‍ സ്വദേശികളായ നീലമുണ്ട സക്കീര്‍ ഹുസൈന്‍ (53), ചെന്നന്‍കുളം മുനീര്‍ (38), ചാലിയാര്‍ പഞ്ചായത്തിലെ എളമ്പിലാക്കോട് സ്വദേശി മുച്ചത്തൊടിക അജ്മല്‍ (24) എന്നിവരാണ് പിടിയിലായത്. ഇവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും 11 തിരകളും കാലി കെയ്‌സും കത്തിയും രണ്ട് ബൈക്കുകളും പ്ലാസ്റ്റിക്ക് സഞ്ചിയും പിടിച്ചെടുത്തു.
അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എടക്കോട് വനമേഖലയില്‍പ്പെട്ട തണ്ണിപൊയിലില്‍നിന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വി.കെ. മുഹസിനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച്ചപുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വേട്ടയാടിയ കൂരമാനുമായി പ്രതികളെ വനപാലകര്‍ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. മേഖലയില്‍ മൃഗവേട്ട നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് താനും സഹപ്രവര്‍ത്തകരും തണ്ണിപൊയില്‍ വനമേഖലയില്‍ എത്തിയതെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. ഫോറസ്റ്റ് ഓഫീസര്‍ എസ് ദണ്ഡപാണി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ മനോജ് കുമാര്‍, എസ് ഷാലു, പി അനിഷ്, സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വേട്ട സംഘത്തെ പിടികൂടിയത്.