മോസ്കോ: റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരേ അട്ടിമറി നീക്കം നടത്തിയ കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യിവ്ജെനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
വിമത നീക്കം കഴിഞ്ഞ് അഞ്ചാം ദിവസമായിരുന്നു കൂടിക്കാഴ്ചയെന്നും, ഇത് മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ചു എന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്കോവാണ് വെളിപ്പെടുത്തിയത്.
പ്രിഗോഷിന്റെ പട്ടാളത്തിലെ കമാന്‍ഡര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. വാഗ്നര്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം, വിമത നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കമാന്‍ഡര്‍മാരില്‍ നിന്നും പുടിന്‍ വിശദീകരണം തേടിയെന്നും വെളിപ്പെടുത്തല്‍.
ബലാറസ് പ്രസിഡന്റ് അലക്സാന്‍ഡര്‍ ലുകാഷെങ്കോ ഇടപെട്ട് വാഗ്നര്‍ ഗ്രൂപ്പിനെ വിമത നീക്കത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും, ശിക്ഷാ നടപടികളില്‍ നിന്ന് അവരെ ഒഴിവാക്കുകയും ചെയ്ത ശേഷമായിരുന്നു കൂടിക്കാഴ്ച. ലുകാഷെങ്കോ ഉറപ്പാക്കിയ മധ്യസ്ഥ ധാരണ പ്രകാരം, പ്രിഗോഷിന്‍ ബലാറസിലേക്കു താമസം മാറ്റണം. എന്നാല്‍, ബലാറസില്‍ പോയ അന്നു തന്നെ പ്രിഗോഷിന്‍ തിരിച്ച് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ എത്തിയെന്നും, ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നുമാണ് ഏറ്റവും പുതിയ സൂചന.