മെൽബൺ : മെൽബണിൽ ഇന്ത്യൻ ജീവനക്കാരിയുടെ വേതനം പിടിച്ചു വച്ച ബേക്കറി ഉടമയ്ക്കു ഓസ്‌ട്രേലിയൻ കോടതി $60,480 പിഴയടിച്ചു. വിദേശത്തു നിന്നു വന്ന തൊഴിലാളികൾക്കുള്ള പരിമിതികൾ ചൂഷണം ചെയ്യാനാണ് ബേക്കറി ഉടമ ശ്രമിച്ചതെന്നു കോടതി ചൂണ്ടിക്കാട്ടി.
ബേക്കേഴ്‌സ് ബുട്ടിക് ആൻഡ് പട്ടിസറെ കടകൾ നടത്തുന്ന ഗോഥിക് ഡൗൺസ് എന്ന സ്ഥാപനത്തിനാണ് $50,400 പിഴ. അതിന്റെ ഏക ഉടമ ഗിസേപ്പേ കോൺഫോർട്ടോ $10,080 പിഴ വേറെയും നൽകണമെന്നു ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോർട്ട് വിധിച്ചു.
ഓസ്‌ട്രേലിയൻ തൊഴിൽ വകുപ്പ് 2019ൽ നൽകിയ നോട്ടീസുകൾ ബേക്കറി ഉടമ അവഗണിച്ചുവെന്നു ജഡ്‌ജ് ഹീതർ റൈലി ചൂണ്ടിക്കാട്ടി. രണ്ടു പേരുടെ ശമ്പള കുടിശിക കൊടുത്തു തീർക്കാൻ ഉടമയോടു തൊഴിൽ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
വാഗ്ദാനം ചെയ്ത ശമ്പളം തന്നെ ബേക്കറി നൽകിയിരുന്നില്ലെന്നു അന്വേഷണത്തിൽ തെളിഞ്ഞു. കരുതിക്കൂട്ടിയുള്ള കുറ്റകൃത്യമാണ് അതെന്നു ജഡ്‌ജ് ചൂണ്ടിക്കാട്ടി.
കണക്കുകളിൽ ചിന്താക്കുഴപ്പമുണ്ടായി എന്ന വാദം കോടതി തള്ളി. മിനിമം തുക പോലും നൽകാത്തവരുടെ വാദങ്ങൾ കപടമാണ്.
ഇത്തരം തട്ടിപ്പുകൾ നടത്താൻ മടിക്കാത്ത മറ്റുള്ളവർക്കും താക്കീതു നൽകുകയാണെന്നു ജഡ്‌ജ് റൈലി പറഞ്ഞു.