കോട്ടയം: ഷെര്‍പ്പകള്‍ക്കും പ്രതിനിധികള്‍ക്കും നീലഗിരി ചായ കുടിക്കണോ, വയനാടന്‍ കാപ്പിയുടെ വശ്യത ആസ്വദിക്കണോ?...എന്തിനും അവസരമൊരുക്കി ജി 20 സംഘാടകര്‍.
യോഗത്തിനെത്തിയ വിവിധ രാഷ്ട്ര പ്രതിനിധികള്‍ക്ക് ഇന്ത്യയുടെ പാരമ്പര്യം കണ്ടറിയാനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. കെ.ടി.ഡി.സി. വാട്ടര്‍സ്‌കേപ്പ്‌സില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ എക്‌സിബിഷന്‍ ഷെര്‍പ്പകളുടെയും പ്രതിനിധികളുടെയും ശ്രദ്ധയാകര്‍ഷിച്ചു.
കോഫി ബോര്‍ഡ്, ടീ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, കേരള വനം വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. കൈത്തറിയുടെ സ്റ്റാളില്‍ വസ്ത്രങ്ങ ള്‍ നൂല്‍നൂല്‍ക്കുന്നതും പ്രതിനിധികള്‍ക്കു കൗതുകമായി.
രവിവര്‍മ ചിത്രങ്ങള്‍ ഖാദിയില്‍ പുനസൃഷ്ടിച്ചിരിക്കുന്നത് ഷെര്‍പ്പകളില്‍ കൗതുകമുണര്‍ത്തി. ജംദാനി എന്ന ഈ ചിത്രപ്പണി ശൈലി പരിചയപ്പെടുത്തുന്നത് ഹൈദരാബാദ് സ്വദേശിയായ ഗൗരങ് ഷായാണ്.
കണ്ണൂരിലെ വീവേഴ്‌സ് സര്‍വീസ് സെന്ററിന്റെ നേതൃത്വത്തില്‍ ചെറിയൊരു സാരി നിര്‍മാണ യൂണിറ്റ് തന്നെ എക്‌സിബിഷനില്‍ ഒരുക്കിയിരുന്നു. പ്രസിദ്ധമായ കാസര്‍കോട് കോട്ടണ്‍ സാരിയുടെ നിര്‍മാണം ഇവിടെ ജി 20 പ്രതിനിധികള്‍ ചോദിച്ച് മനസിലാക്കി.
ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള ഉല്‍പന്നമാണ് കാസര്‍കോട് സാരി. പ്രകൃതി വിഭവങ്ങളില്‍ നിന്നു മാത്രം നിര്‍മിക്കുന്ന പാല്‍പ്പൊടി മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ ബംഗളൂരു സ്വദേശികളായ സഹോദിമാരുടെ സ്റ്റാളില്‍ കാണാം. കൃത്രിമമായ സിന്തറ്റിക് ഉല്‍പ്പന്നങ്ങളേക്കാള്‍, പ്രകൃതിദത്തമായ ഉല്‍പന്നങ്ങളെ കൂടുതല്‍ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഇവര്‍ പറയുന്നു. രാധിക ഗോകുലന്‍, ക്രിതിക പ്രസാദ് എന്നിവര്‍ കല്യ ശാസ്ത്ര എന്ന പേരില്‍ ഓണ്‍ലൈനില്‍ കച്ചവടം ചെയ്യുന്ന അറുപതോളം ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്.
പ്രതിനിധികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കി വെടിക്കെട്ടും നടത്തി. ഇന്നലെ സന്ധ്യയ്ക്ക് 7 മിനിറ്റ് നീണ്ടുനിന്ന കരിമരുന്നു പ്രകടനമാണു കായലില്‍ പ്രത്യേകം തയ്യാറാക്കിയ ബാര്‍ജില്‍ ചെന്നൈയില്‍ നിന്നുള്ള സംഘം നടത്തിയത്.