കോട്ടയം: കായല്‍ക്കാറ്റിന്റെ വശ്യത, അമ്പരപ്പിക്കുന്നതും ആകര്‍ഷിക്കുന്നതുമായ കായല്‍ കാഴ്ചകള്‍... കുമരകത്തിന്റെ സൗന്ദര്യം കണ്ടറിഞ്ഞ് ജി 20 ഷെര്‍പ്പ മീറ്റിങ് പ്രതിനിധികള്‍.
കുമരകത്തിന്റെ സൗന്ദര്യവും രാജ്യാന്തര നഗരങ്ങളെ വെല്ലുന്ന താമസസൗകര്യവുമാണു പ്രതിനിധികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. പരസ്യമായി ഇക്കാര്യത്തില്‍ പ്രശംസിക്കാനും പ്രതിനിധികള്‍ തയാറായി.
ആദ്യദിനം തീന്‍മേശ നാടന്‍ വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു. ദാഹം ശമിപ്പിക്കാന്‍ നാടന്‍ കരിക്കുതന്നെ ഒരുക്കിയിരുന്നു. വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഇവിടേയ്ക്ക് ആവശ്യമായ കരിക്ക് എത്തിച്ചത്. കരിക്ക് ചെത്തി സ്‌ട്രോ ഇട്ട് നല്‍കാന്‍ മാത്രം അമ്പത് പേരോളമുണ്ടായിരുന്നു. പ്രഭാതഭക്ഷണം അതത് താമസസ്ഥലത്താണ് ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് നാടന്‍ ഊണും ഒപ്പം വിദേശ പ്രതിനിധികള്‍ ആവശ്യപ്പെടുന്ന ഭക്ഷണവും ഒരുക്കിയിരുന്നു.
കരിമീനും ബീഫ് ഫ്രൈയും ചിക്കന്‍ കറിയുമൊക്കെ ഉച്ചയൂണില്‍ ഇടംപിടിച്ചു. കപ്പ പുഴുങ്ങിയതും മുളകു പൊട്ടച്ചിതും കാച്ചിലും ചേനയും ചേമ്പും ചമ്മന്തിയുമുണ്ടായിരുന്നു.
പൊറോട്ടയും പുട്ടും കടലയുമൊക്കെ പ്രതിനിധികള്‍ കൗതുകത്തോടെയാണു നോക്കിയതും വാങ്ങിയതും കഴിച്ചതും.
നാടന്‍ ഭക്ഷണം ഇഷ്ടപ്പെട്ടെങ്കിലും പല വിഭവങ്ങളിലെയും എരിവ് പ്രതിനിധികളുടെ കണ്ണു നിറച്ചു. പാളകൊണ്ടു നിര്‍മിച്ച പ്ലേറ്റിലാണു വിഭവങ്ങള്‍ വിളമ്പിയത്. രാവിലെ കരിക്കിന്‍വെള്ളം ഉള്‍പ്പെടെ നല്‍കാന്‍ ചിരട്ടക്കപ്പുകളും ക്രമീകരിച്ചിരുന്നു.