മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ സഹായിയും പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുമായ മരീന യാങ്കിന കെട്ടിടത്തിന്റെ 16ാം നിലയില്‍ നിന്ന് വീണു മരിച്ചു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനിടെ മരിച്ച റഷ്യന്‍ ഉന്നതരില്‍ ഏറ്റവും പുതിയയാളാണ് മരീന. പുടിന്‍ അടുത്തിടെ പുറത്താക്കിയ റഷ്യന്‍ ജനറല്‍ മേജര്‍ ജനറല്‍ വ്ലാദിമിര്‍ മകരോവ് ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായി കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മരീനയുടെ മരണം.
റഷ്യന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ധനസഹായ വിഭാഗത്തിന്റെ അധ്യക്ഷയായിരുന്നു മരീന. 58 വയസായിരുന്നു. യുക്രെയ്നിലെ റഷ്യയുടെ ആക്രമണത്തിന് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇവരുടെ പ്രധാന ചുമതല.
സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കലിനിസ്കി മേഖലയില്‍ റെസിഡന്‍ഷ്യല്‍ കോംപ്ളക്സിന്റെ പേവ്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരീനയുടെ ഭര്‍ത്താവിന്റെ അപ്പാര്‍ട്ട്മെന്റ് ഇവിടെയാണ്.