വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള ആരോഗ്യക്ഷമതയുണ്ടെന്ന് ഡോക്ടര്‍മാര്‍. ഇപ്പോള്‍ എണ്‍പത് വയസുള്ള ബൈഡന്‍, യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.
എന്നാല്‍, ഈ പ്രായത്തിലും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പൂര്‍ണമായ ശേഷി അദ്ദേഹത്തിനുള്ളതായി വാര്‍ഷിക പരിശോധനയില്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
1.83 മീറ്റര്‍ ഉയരമുള്ള ബൈഡന് 81 കിലോഗ്രാമാണ് ശരീരഭാരം. പുകയില ഉത്പന്നങ്ങളോ മദ്യമോ തീരെ ഉപയോഗിക്കുന്നില്ല. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമവും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍.
രാജ്യത്തിന്റെ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി കാലാകാലങ്ങളില്‍ പരസ്യപ്പെടുത്തുന്നത് യുഎസിലെ കീഴ്വഴക്കമാണ്. വിശദമായ ന്യൂറോളജിക്കല്‍ പരിശോധന അടക്കമുള്ളവ ഇതിനായി നടത്തിവരുന്നു.
ഇടയ്ക്കിടെയുള്ള ചുമ, നട്ടെല്ലിന്റെ നേരിയ തേയ്മാനം തുടങ്ങിയ ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പരിശോധനയില്‍ കാണപ്പെട്ടതിനെക്കാള്‍ മോശമായിട്ടില്ല. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചിരുന്നെങ്കിലും, വാക്സിനെടുത്തിരുന്നതിനാല്‍ ലക്ഷണങ്ങള്‍ കാര്യമായുണ്ടായിരുന്നില്ല.
വീണ്ടും മത്സരിക്കാനാണ് ബൈഡന്‍ തീരുമാനിക്കുന്നതെങ്കില്‍, എതിരാളികളുടെ പ്രധാന പ്രചാരണായുധങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പ്രായം തന്നെയായിരിക്കുമെന്നുറപ്പാണ്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തേക്ക് അദ്ദേഹത്തിന് 81 വയസാകും.