ലിസ്ബണ്‍: ഗോള്‍ഡന്‍ വിസ പ്രോഗ്രാം വേണ്ടെന്നു വയ്ക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമായി പോര്‍ച്ചുഗല്‍ മാറി. ഈ സ്കീം നടപ്പാക്കിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി അവസാനിപ്പിച്ച രാജ്യം അയര്‍ലന്‍ഡായിരുന്നു.
രാജ്യം നേരിടുന്ന കടുത്ത ഹൗസിങ് പ്രതിസന്ധി നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പോര്‍ച്ചുഗല്‍ ഈ സ്കീം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, നിലവില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് സോപാധികമായി അതു പുതുക്കാന്‍ അനുവാദം നല്‍കും. റിയല്‍ എസ്റേററ്റ് നിക്ഷേപമായിരിക്കണം, സ്വന്തം ആവശ്യത്തിനുള്ള സ്ഥിരം കെട്ടിടമോ, ദീര്‍ഘകാലം വാടകയ്ക്കു കൊടുക്കാനുള്ള കെട്ടിടമോ ആയിരിക്കണം എന്നിവയാണ് നിബന്ധനകള്‍.
വീടുകളുടെ വില ക്രമാതീതമായി ഉയരാനുള്ള ഏക കാരണം ഗോള്‍ഡന്‍ വിസ അല്ലെങ്കിലും, അത് അവസാനിപ്പിക്കുന്നതു വഴി വില നിയന്ത്രണം സാധ്യമാക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
ഗോള്‍ഡന്‍ വിസ മുഖേന പോര്‍ച്ചുഗലില്‍ കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപം 41.9 ശതമാനം വര്‍ധിച്ചിരുന്നു. 654.2 മില്യന്‍ യൂറോയാണ് ഇതുവഴി രാജ്യത്ത് അധികമായെത്തിയത്. 2012ല്‍ നടപ്പാക്കിയ വഴി രാജ്യത്തിന് ആകെ ലഭിച്ച ലാഭം 6.9 ബില്യന്‍ യൂറോയാണ്.