ഡബ്ലിന്‍: അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ പകുതിയോളം പേരും വിദേശത്ത് പഠിച്ചവരെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ആരോഗ്യരംഗത്ത് നിക്ഷേപത്തിനുള്ള പ്രീ-ബജറ്റ് രേഖകളിലാണ് ഈ വിവരങ്ങളും അടങ്ങിയിട്ടുള്ളത്.അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് നഴ്‌സുമാരിലൊരാള്‍ വിദേശ വിദ്യാഭ്യാസം നേടിയവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2021ല്‍ എന്‍ എം ബി ഐ യില്‍ 5,008 പുതിയ രജിസ്‌ട്രേഷനുകളാണുള്ളത്.ഇതില്‍ 2,439 നഴ്‌സുമാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ആകെ 43 ശതമാനം നഴ്‌സുമാരും വിദേശത്ത് നിന്നാണ് ബിരുദം നേടിയത്.ഇന്ത്യയ്ക്ക് പുറമെ ,ഫിലിപ്പൈന്‍സില്‍ നിന്നുള്ള നഴ്സുമാരാണ് അയര്‍ലണ്ട് പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ കോളജുകളിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് സീറ്റുകള്‍ 2014ല്‍ 1,520ല്‍ നിന്ന് 2021ല്‍ 2,032 ആയി ഉയര്‍ന്നിരുന്നു. എന്നിട്ടും ഇതാണ് സ്ഥിതിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 1,00,000 പേരുടെ ജനസംഖ്യയില്‍ വെറും 31 നഴ്‌സുമാരാണ് സൃഷ്ടിക്കപ്പെടുന്നത്.ഭാവിയില്‍ ഓസ്‌ട്രേലിയയിലേത് പോലെ 1,00,000ന് 109 നഴ്‌സുമാരെന്ന ലക്ഷ്യത്തിലേക്ക് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
വിദേശ നഴ്‌സുമാരെ കൂടുതലായി ആശ്രയിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ ഭാവിക്ക് അപകടമുണ്ടാക്കുമെന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ ധാര്‍മ്മികതയുടെ പ്രശ്നങ്ങള്‍ ഉയരുമെന്നും ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.