കൊളോണ്‍: ജര്‍മനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണില്‍ മുപ്പത്തിയൊന്‍പത് വര്‍ഷം പിന്നിട്ട കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ തിരുവോണാഘോഷം അത്യാഡംബരവും പ്രൗഢഗംഭീരവുമായി. കൊളോണ്‍ വെസ്സ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ഓണാഘോഷം കേരളത്തനിമ വിരിഞ്ഞ കലയുടെ വസന്ത രാവായിരുന്നു.
ആമുഖത്തിനുശേഷം മുഖ്യാതിഥിയായ വെസ്ററ്ഫാളിയ സംസ്ഥാന അസംബ്ളിയംഗം ഗ്രിഗോര്‍ ഗോളാണ്ട്, സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി,ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍, ജനിന്‍ കള്ളിക്കാടന്‍ എന്നിവര്‍ കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, സ്പോര്‍ട്സ് സെക്രട്ടറി അലക്സ് കള്ളിക്കാടന്‍, വൈസ് പ്രസിഡന്റ് പോള്‍ ചിറയത്ത് എന്നീ സമാജം ഭാരവാഹികളുടെയും, അവരുടെ സഹധര്‍മ്മിണിമാരുടെയും, വിവിയന്‍ അട്ടിപ്പേറ്റി, ജോസ് കല്ലറയ്ക്കല്‍, ബൈജു പോള്‍ എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
മേരി ക്രീഗര്‍ നേതൃത്വം കൊടുത്ത് സാലി ചിറയത്ത്, ഫിലോമിന തടത്തില്‍, മോളി കോട്ടേക്കുടി, മേരി പുതുശേരി, മേരി ജെയിംസ്, മോളി നെടുങ്ങാട്, നികിത സുബിന്‍ എന്നീ മങ്കമാര്‍ അവതരിപ്പിച്ച തിരുവാതിരകളി അതിമനോഹരവും ശ്രേഷ്ഠതയില്‍ കൊരുത്ത നൃത്തവിരുന്നിനു പുറമെ തിരുവോണത്തിന്റെ മഹനീയതയും വിളിച്ചോതി.
സമാജം ജോയിന്റ് സെക്രട്ടറി ജോസ് നെടുങ്ങാട് മാവേലി മന്നനായി വേഷമിട്ട് സെറ്റും മുണ്ടുമണിഞ്ഞ് താലപ്പൊലിയേന്തിയ മങ്കമാരുടെയും മുത്തുക്കുടയേന്തിയ പരിവാരങ്ങളുടെയും ചെണ്ടമേളത്തിന്റെ താളലയ അകമ്പടിയോടുകൂടി എഴുന്നെള്ളിവന്ന് തിരുവോണത്തിന്റെ വൈശിഷ്യത്തെപ്പറ്റി സംഭാഷണത്തിലൂടെ വരച്ചുകാട്ടിയത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
കുച്ചിപ്പുടിയില്‍ പരിശീലനം നേടിയ പ്രഫഷണല്‍ നര്‍ത്തകിയായ ലക്ഷ്മി ശങ്കറിന്റെ അര്‍ദ്ധശാസ്ത്രീയ നൃത്തം ജുഗല്‍ബന്ധി, ജര്‍മനിയിലെ സീഗന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളായ തെരേസ ജോഷി, ശ്രുതി വേണു, കരിഷ്മ എന്നിവരുടെ ബോളിവുഡ് ഫ്യൂഷന്‍, ലക്സംബര്‍ഗില്‍ നിന്നെത്തിയ എക്സിക്യൂട്ടീവ് ലൈവ് & കരിയര്‍ കോച്ചുകൂടിയായ ഐന രാജിന്റെ സെമി ക്ളാസിക്കല്‍ നൃത്തം, സെമിക്ളാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സില്‍ വിസ്മയമൊരുക്കിയ ബോണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികളായ അന്‍ലിന്‍ ജീജോ, ഹരിത, ലാലേട്ടന്‍സ് ഫ്യൂഷന്‍ ഐറ്റത്തിലൂടെ അരങ്ങുണര്‍ത്തിയ രാധിക നായര്‍, ലക്ഷ്മി ശങ്കര്‍ എന്നിവരുടെ ആവിഷ്ക്കാര നൈപുണ്യം സദസ്യരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയത് ആഘോഷത്തിന് കൊഴുപ്പുകൂട്ടി.
മേരി ക്രീഗറുടെ നേതൃത്വത്തില്‍ കേരളസമാജം ഭാരവാഹികളും അവരുടെ സഹധര്‍മ്മിണിമാരും അരങ്ങുനിറഞ്ഞാടിയ സിനിമാറ്റിക് നാടോടി നൃത്തം അതീവ ഹൃദ്യമായി. അരുണ്‍, ഐശ്യര്യ എന്നിവര്‍ ഒരുക്കിയ പൂക്കളം തിരുവോണത്തിന്റെ നവ്യതയ്ക്കൊപ്പം പ്രൗഢിയും പകര്‍ന്നു. കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി സ്വാഗതവും ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. വാചാലതയുടെ നിറവില്‍ വേദിയിലെ നേര്‍ക്കാഴ്ച്ചയുടെ ഉള്‍ത്തുടിപ്പുകള്‍ നിറച്ച് സമാജം കള്‍ച്ചറല്‍ സെക്രട്ടറി ജോസ് കുമ്പിളുവേലില്‍, രണ്ടാം തലമുറക്കാരി വിവിയന്‍ അട്ടിപ്പേറ്റി എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
കേരളത്തനിമയില്‍ തിരുവോണത്തിന്റെ രുചിഭേദത്തില്‍ 16 കൂട്ടം കറികളോടും കൂടി തയ്യാറാക്കിയ വിഭവസമൃദ്ധമായി വിളമ്പിയ സദ്യയും, അടപ്രഥമനും കഴിച്ച മലയാളി, ജര്‍മന്‍ സുഹൃത്തുക്കളുടെ മുഖത്ത് ആസ്വാദ്യതയുടെ സംതൃപ്തി പ്രതിഫലിച്ചിരുന്നു. കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്), അലക്സ് കള്ളിക്കാടന്‍ (സ്പോര്‍ട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ ജോസ് കല്ലറയ്ക്കല്‍, മോളി നെടുങ്ങാട്, മേരി പുതുശേരി, സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, എല്‍സി വടക്കുംചേരി, ജോയല്‍ കുമ്പിളുവേലില്‍, ക്ളിന്റണ്‍, ബൈജു, റോയി എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
വര്‍ഗീസ് ശ്രാമ്പിക്കല്‍ പരിപാടികള്‍ക്ക് ശബ്ദസാങ്കേതിക സഹായം നല്‍കി. ഫോട്ടോ ജെന്‍സ് കുമ്പിളുവേലില്‍, ജോണ്‍ മാത്യു എന്നിവരും വിഡിയോ ടോം ജോസും, കൈകാര്യം ചെയ്തു. സമാജത്തിന്റെ യുവജന വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ലഘുവില്‍പ്പനശാലയും പ്രവര്‍ത്തിച്ചിരുന്നു.
ഇടവേളയ്ക്കു ശേഷം തംബോലയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോട്ടസ് ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ 150 യൂറോയുടെ ട്രാവല്‍ വൗച്ചര്‍ ലോട്ടസ് ട്രാവല്‍സ് എംഡി തോമസ് കോട്ടക്കമണ്ണില്‍ വിജയിക്ക് നല്‍കി. യൂറോഫൈന്‍ ഇംപോര്‍ട്ട് എക്സ്പോര്‍ട്ട് ജിഎംബിഎച്ച്, ലില്ലി നാര്‍, ജെജെ ഏഷ്യന്‍ഷോപ്പ്, ഫാമിലി വൈഡര്‍, ട്രോപ്പിക്കല്‍ ഫുഡ്സ് കൊളോണ്‍, ഫാമിലി കോട്ടേക്കുടി, ഗുട്ട്വില്ലെ എന്നിവരായിരുന്നു 50 യൂറോയുടെ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. ഇടവേളയില്‍ വിഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കൊറോണ നിയന്ത്രണചട്ടങ്ങള്‍ പാലിച്ചു നടത്തിയ ഓണാഘോഷത്തില്‍ ജര്‍മനിയെ കൂടാതെ അയല്‍ രാജ്യമായ ലക്സംബര്‍ഗ്, ബല്‍ജിയം, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 300 പേര്‍ പങ്കെടുത്തു.