ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടന്റെ ദേശീയ ഗാനം മുതല്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ വരെ മാറ്റംവരും. ഗോഡ് സേവ് അവര്‍ ഗ്രേഷ്യസ് ക്വീന്‍ എന്ന രാജ്യത്തെ ദേശീയ ഗാനത്തില്‍ ക്വീനിനു പകരം ഇനി കിങ് എന്നാകും. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ഥനകളിലെ വരികളിലും ഇതേ പോലെ മാറ്റം വരും. ഞങ്ങളുടെ രാജ്ഞി എന്നതിന് പകരം പ്രാര്‍ഥനകളില്‍ ഞങ്ങളുടെ ജനറല്‍ സിനഡ് എന്നാകും ഇനി മാറ്റം വരുക.
600ലധികം ബിസിനസ്സുകള്‍ക്കായി നല്‍കിവരുന്ന റോയല്‍ വാറന്റുകളിലും വൈകാതെ ചാള്‍സ് മൂന്നാമന്റെ പേരാക്കി മാറ്റം വരുത്തും. തപാല്‍പെട്ടികളില്‍ മാറ്റമുണ്ടാകില്ലെങ്കിലും സ്ററാമ്പുകളിലൊക്കെ രാജ്ഞിക്ക് പകരം ഇനി പുതിയ രാജാവിന്റെ ചിത്രം ഇടംപിടിക്കും. രാജ്ഞിക്ക് വിധേയത്വവും കൂറും പുലര്‍ത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ബ്രിട്ടീഷ് എം.പിമാര്‍ അധികാരമേല്‍ക്കുന്നത്. പുതിയ രാജാവിന് കീഴില്‍ ഇനി അവര്‍ക്കെല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്.
1953 വരെ രാജ്ഞിയുടെ ചിത്രം നാണയങ്ങളില്‍ ഇല്ലായിരുന്നു. അവര്‍ അധികാരമേറ്റ് ഒരു വര്‍ഷമായപ്പോഴാണ് ആദ്യമായി രാജ്ഞിയുടെ നാണയങ്ങള്‍ ഇറങ്ങിത്തുടങ്ങിയത്. പുതിയ നാണയങ്ങളും നോട്ടുകളും ഇനി രൂപകല്‍പന ചെയ്ത് ചാന്‍സലര്‍ അംഗീകരിക്കുന്ന മുറക്ക് രാജാവിന്റെ മുമ്പാകെ എത്തും. അദ്ദേഹവും അംഗീകരിക്കുന്നതോടെയാകും അന്തിമ അംഗീകാരമാകുക.
ബ്രിട്ടനില്‍ മാത്രമല്ല ഈ മാറ്റങ്ങള്‍ വരുക. ബ്രിട്ടീഷ് അധീശ്വത്വം ഇന്നും പ്രതീകാത്മകമായി അംഗീകരിച്ചുപോരുന്ന 35 രാജ്യങ്ങളിലെ നാണയങ്ങളില്‍ രാജ്ഞിയുടെ മുഖം ആലേഖനം ചെയ്തിരുന്നു. ഓസ്ട്രേലിയയില്‍ നാണയങ്ങളില്‍ മാത്രമല്ല അഞ്ച് രൂപ ഓസ്ട്രേലിയന്‍ ഡോളര്‍ നോട്ടിലും അവരുടെ ചിത്രമുണ്ടായിരുന്നു. ബ്രിട്ടീഷ് പാസ്പോര്‍ട്ടുകളിലെ അകത്തെ പുറവും ഇനി പരിഷ്കരിക്കും. ബ്രിട്ടനെ കൂടാതെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അവരുടെ ഭരണഘടന അടക്കം ഭേദഗതി ചെയ്യേണ്ടിവരും.
പുതിയ രാജാവായ ചാള്‍സിന്റെ ഭാര്യ കാമില്ലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് (രാജപത്നി) പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.