ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിനു പിന്നാലെ മൂത്തമകന്‍ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ രാജാവാകുമെന്ന പ്രഖ്യാപനവും വന്നു. 73ാം വയസിലാണ് ചാള്‍സ് രാജപദവിയിലെത്തുന്നത്. കിങ് ചാള്‍സ് മൂന്നാമന്‍ എന്നായിരിക്കും ഔദ്യോഗികമായി അറിയപ്പെടുക.
ചാള്‍സ് രാജാവാകുന്നതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്നിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് രാജപത്നി അഥവാ ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് ഇക്കൊല്ലം ആദ്യം എലിസബത്ത് രാജ്ഞി പ്രഖ്യാപിച്ചിരുന്നു.
പ്രിയപ്പെട്ട അമ്മയുടെ, രാജ്ഞിയുടെ മരണം തനിക്കും കുടുംബാംഗങ്ങള്‍ക്കും അത്യന്തദുഃഖത്തിന്റെ നിമിഷമാണെന്ന് ചാള്‍സ് രാജാവ് പ്രസ്താവനയില്‍ അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെ മക്കളായ ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വാര്‍ഡ് എന്നിവര്‍ ബാല്‍മൊറാലിലേക്ക് എത്തിയിരുന്നു. ചാള്‍സിന്റെ മക്കളായ വില്യവും ഹാരിയും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.