ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആകര്‍ഷിക്കുന്നതിന് ജര്‍മനി ഗ്രീന്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. വിദഗ്ധ മേഖലകളില്‍ വര്‍ധിച്ചു വരുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
ഗ്രീന്‍ കാര്‍ഡ് വരുന്നതോടെ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ ജോലി കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഏളുപ്പമാകും. യുഎസ് ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലാണ് ജര്‍മനി സ്വന്തം ഗ്രീന്‍ കാര്‍ഡ് വിഭാവനം ചെയ്യുന്നത്. ചാന്‍സെന്‍കാര്‍ട്ടെ (ഓപ്പര്‍ച്ചൂണിറ്റി കാര്‍ഡ്) എന്നായിരിക്കും ഇതിന്റെ ഔദ്യോഗികമായ പേര്.
രാജ്യത്തെ വ്യവസായ മേഖല ഏറെക്കാലമായി ആവശ്യപ്പെടുന്നതാണിത്. തൊഴിലാളി ക്ഷാമം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രാലയം ഇതിന് അനുമതി നല്‍കിയത്.
സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയം, ജര്‍മനിയില്‍ മുന്‍പ് താമസിച്ച പരിചയമോ അല്ലെങ്കില്‍ നിര്‍ദിഷ്ട ഭാഷാ പരിജ്ഞാനമോ, 35 വയസില്‍ താഴെ പ്രായം എന്നിവയാണ് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകള്‍. ക്യാനഡയുടെ പോയിന്റ്സ് സിസ്റ്റത്തില്‍നിന്നു വ്യത്യസ്തമായ രീതിയാണ് ഗ്രീന്‍ കാര്‍ഡ് പിന്തുടരുക.