ഡബ്ലിന്‍: ലോകം കോവിഡ് മുക്തമായെന്ന് കരുതി മാസ്‌കുകളും മറ്റ് നിയന്ത്രണങ്ങളും നീക്കി പഴയപടിയിലേയ്ക്ക് മടങ്ങുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. കോവിഡിനെതിരായ പുതിയ ബൂസ്റ്റര്‍ ഷോട്ടുകള്‍ പുറത്തിറക്കണമെന്നും അതിനു ഇനിയും അപ്ഡേറ്റുകളുണ്ടാകണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
യു.എസ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കോവിഡ് ക്വാറന്റൈനും ഡിസ്റ്റന്‍സിംഗ് ശുപാര്‍ശകളും ഉപേക്ഷിച്ചിരുന്നു.എന്നാല്‍ ഇത് ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.1918ലെ ഇന്‍ഫ്ളുവന്‍സയെക്കാള്‍ കൂടുതല്‍ കാലം കോവിഡ് നിലനില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതിനിടെ പുതിയ വാക്സിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മുന്‍കാലത്ത് അണുബാധകളില്‍ നിന്നും വാക്സിനേഷനില്‍ നിന്നും പ്രതിരോധശേഷി നേടിയതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട വാക്സിനായാണ് ഗവേഷകര്‍ ശ്രമിക്കുന്നത്.എന്നാല്‍
വൈറസ് ആശങ്കാജനകമായ രീതിയില്‍ വികസിച്ചുകൊണ്ടേയിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ ആശങ്കപ്പെടുന്നു.ഒമിക്രോണില്‍ നിന്ന് വ്യത്യസ്തമായ ഒരു പുതിയ വേരിയന്റ് ഉദയം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.പുതിയ വാക്സിനെടുക്കുകയും ബൂസ്റ്റ് അപ് ചെയ്യുകയുമാണ് ഇതിനെതിരെയുള്ള പോംവഴി.കൃത്യമായി വാക്സിനെടുക്കുകയും ബൂസ്റ്ററിലൂടെ അപ് ഡേറ്റ് ചെയ്യുകയും ചെയ്താല്‍ മരണം അപൂര്‍വ്വമാകും. അല്ലാത്തപക്ഷം ലക്ഷക്കണക്കിനാളുകള്‍ മരണത്തിന് കീഴടങ്ങേണ്ടി വരും.
മനുഷ്യരുടെ പ്രതിരോധശേഷി ഗണ്യമായി ഉയര്‍ന്നാല്‍ അണുബാധയുടെ തോതും പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവവും മന്ദഗതിയിലാകുമെന്ന് വിദഗ്ധര്‍ പറയുന്നു.അതിനായി വാക്സിനേഷന്‍ തുടരണം.രോഗം, മരണം എന്നിവയില്‍ നിന്നും സംരക്ഷിക്കുക മാത്രമല്ല വാക്സിനേഷനിലൂടെ ആഗോളതലത്തില്‍ പ്രതിരോധശേഷി ഉയരുകയും ചെയ്യും.കോവിഡ് ബാധ അധികമാകുന്ന കാലയളവില്‍ വീടിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകണം.കൊറോണ വൈറസിന്റെ അപകടങ്ങള്‍ തള്ളിക്കളയരുതെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നു.
ജീവിതകാലം മുഴുവന്‍ കോവിഡ് നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് കോവിഡ് കോര്‍ഡിനേറ്റര്‍ ഡോ. ആശിഷ് ഝാ പറഞ്ഞു.സ്ഥാപിത പാറ്റേണുകളിലൂടെ പ്രാദേശികമായി വിവിധ രൂപങ്ങളില്‍ വൈറസ് നിലനില്‍ക്കും. കോവിഡിനൊപ്പം ജീവിക്കുന്നത് ഭയപ്പെടുത്തുന്നതും മോശവുമാണെന്ന് ആശിഷ് ഝാ പറഞ്ഞു.
കോവിഡ് ചിലരില്‍ ഗുരുതരാവസ്ഥയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രോഗബാധ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് സ്‌ക്രിപ്സ് റിസര്‍ച്ച് ട്രാന്‍സ്ലേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി എറിക് ടോപോള്‍ പറഞ്ഞു.കൂടുതല്‍ ഗുരുതരമാകുന്ന തരത്തില്‍ വൈറസ് പരിവര്‍ത്തനം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു.