Advertisment

തെലങ്കാനയില്‍ പുതിയ താരോദയമായി രേവന്ത് റെഡ്ഡി; തെലങ്കാനയുടെ മുഖ്യമന്ത്രിയാകും ?

New Update
revanth

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഔദ്യോഗിക മേഖലയില്‍ നിന്നും തെലങ്കാന ഡിജിപി രേവന്ത് റെഡ്ഡിയെ നേരില്‍ കാണുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. രേവന്ത് റെഡ്ഡിക്ക് സംസ്ഥാന ഡിജിപി പൂച്ചെണ്ടും കൈമാറി. തെലങ്കാനയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് രേവന്ത് റെഡ്ഡിയെ തന്നെയായിരിക്കുന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

Advertisment

രാഹുൽ ഗാന്ധിയും ഹൈക്കമാൻഡ് നേതാക്കളും പ്രചാരണത്തിൽ സജീവമായതും പിസിസി അധ്യക്ഷൻ അനുമുല രേവന്ത് റെഡ്ഡിയുടെ മികച്ച പ്രവർത്തനങ്ങളുമാണ് സംസ്ഥാനത്ത് കോൺഗ്രസ് വിജയക്കൊടി പാറിക്കുന്നതിലേക്ക് എത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് കുതിക്കുകയാണ്. ഏറ്റവും പുതിയ വിവരമനുസരിച്ച് കോണ്‍ഗ്രസ് 61 ഇടത്തും ബിആര്‍എസ് 50 ഇടത്തും ലീഡ് ചെയ്യുന്നു.

ബിജെപി 4 ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് തെലങ്കാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി വിജയമുറപ്പിച്ചു. ഹൈദരാബാദിലെ രേവന്ത് റെഡ്ഡിയുടെ വീടിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം തുടങ്ങി. രേവന്ത് റെഡ്ഡിയുടെ വീടിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ബിആര്‍എസിന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നില്‍ക്കുന്നത്. ബി ആര്‍എസിന്റെ പട്നം നരേന്ദര്‍ റെഡ്ഡി, ബിജെപിയുടെ ബന്തു രമേഷ് കുമാര്‍ എന്നിവരാണ് എതിരാളികള്‍. കഴിഞ്ഞ രണ്ടു തവണയും ബിആര്‍എസ് ജയിച്ച മണ്ഡലമാണിത്. 

 

Advertisment