Advertisment

ലാവ്ലിൻ കേസിലെ കാത്തിരിപ്പിന്  വിരാമമാകുമോ ? കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രിം കോടതി ലിസ്റ്റ് ചെയ്തു; ലാവ്ലിൻ കേസ് പട്ടികയിൽ അവസാന ഭാഗത്ത്; മറ്റ് കേസുകളുടെ വാദം നീണ്ടാൽ ഇത്തവണയും പരിഗണിക്കപ്പെടാൻ സാധ്യത മങ്ങും ! കേസ് നിരന്തരം മാറ്റിവെയ്ക്കുന്നത് ബി.ജെ.പി - സി.പി.എം ഒത്തുതീർപ്പെന്ന ആരോപണം ശക്തം

വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഒരോ തവണയും കേസ് പരിഗണനക്കെടുക്കാതെ മാറ്റിവെച്ചുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുളള ഒത്തുതീർപ്പിൻെറ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

New Update
supreme court1.jpg

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും. അന്തിമ വാദം കേള്‍ക്കുന്നതിന് വേണ്ടിയാണ് കേസ് പരിഗണനയ്ക്ക് എടുക്കുന്നത്. ബുധനാഴ്ച പരിഗണിക്കുന്ന കേസുകളിൽ ഒടുവിലായിട്ടാണ് എസ്.എൻ.സി ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടുത്തിയിക്കുന്നത്. കേസ് വാദത്തിനെടുത്താല്‍ സുപ്രിംകോടതി, അപ്പീൽ നൽകിയിരിക്കുന്ന സി.ബി.ഐയുടെ ഭാഗം കേള്‍ക്കാൻ തയാറായേക്കും.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്താണ് സിബിഐ  സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിത്. അപ്പീൽ നൽകിയിട്ട് ഏഴ് വർഷം പിന്നിട്ടിട്ടും ഇതുവരെ കേസ് പരിഗണനക്കെടുത്തിരുന്നില്ല. മാറ്റിവെയ്ക്കപ്പെടുന്ന കേസുകളുടെ കാര്യത്തിൽ സുപ്രിം കോടതിയുടെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ച കേസായി ലാവ്ലിൻ കേസ് മാറിക്കഴിഞ്ഞു.


വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ് ഒരോ തവണയും കേസ് പരിഗണനക്കെടുക്കാതെ മാറ്റിവെച്ചുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുളള ഒത്തുതീർപ്പിൻെറ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.


ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണരംഗത്തും ഈ ആരോപണം ശക്തമായി ഉയർന്നിരുന്നു. ബി.ജെ.പിയേയും സി.പി.എമ്മിനെയും ഒരേപോലെ പ്രതിരോധത്തിലാക്കുന്ന ആരോപണത്തിൽ ഇരുപാർട്ടികൾക്കും കാര്യമായി മറുപടി ഉണ്ടായിരുന്നില്ല.

പിണറായി വിജയൻ അടക്കമുളളവരെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുളള സി.ബി.ഐയുടെ അപ്പീൽ 2017 ഒക്ടോബര്‍ 27നാണ് ആദ്യമായി സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. എന്നാൽ ഇതിനകം നാൽപ്പതോളം തവണയാണ് കേസ് മാറ്റി വെയ്കപ്പെട്ടത്. ഇത്തവണത്തേത് അടക്കം  ഇതുവരെ 34 തവണ അപ്പീല്‍ സുപ്രിംകോടതിയുടെ പരിഗണനാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ടശേഷവും സുപ്രിംകോടതി അപ്പീല്‍ പരിഗണിക്കാതിരുന്നത്  നിരവധി തവണ. അതിനേക്കാൾ ഏറെ തവണ സിബിഐയുടെ ആവശ്യപ്രകാരം  അപ്പീല്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. ഈ അസാധാരണ സംഭവ വികാസങ്ങളാണ് സി.പി.എം - ബി.ജെ.പി ഒത്തുതീർപ്പ് ആരോപണത്തിന് ബലം നൽകുന്നത്.


 അപ്പീല്‍ പരിഗണിക്കുന്നത് നിരന്തരം മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രിംകോടതി സിബിഐയെ പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല.


 പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവ് ശരിവെച്ച  ഹൈക്കോടതിയുടെ വിധി തെറ്റെന്ന് പറയാന്‍ പര്യാപ്തമായ തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാനും  സുപ്രിംകോടതി  സിബിഐയോട്  നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ സി.ബി.ഐ വീണ്ടും ദുർബലമായ ഒഴിവുകഴിവുകൾ പറഞ്ഞ് തടിതപ്പാനാണ് ശ്രമിച്ചത്. അഭിഭാഷകര്‍ക്ക് നി‍ർണായകമായ മറ്റ്  കേസുകളുടെ തിരക്കുളളത് കൊണ്ടാണ്  കേസ് മാറ്റിവയ്‌ക്കേണ്ടി വരുന്നതെന്നായിരുന്നു സിബിഐയുടെ ന്യായീകരണം. വാദം അറിയിക്കാന്‍ ഒരു ദിവസം വേണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി മെയ് ഒന്ന്, രണ്ട് തീയതികളിൽ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ അതിന് മുൻപ് പരിഗണനക്കെടുത്ത  കേസുകളുടെ  വാദം നീണ്ടുപോയത് പ്രതികൾക്ക് അനുഗ്രഹമായി ഭവിച്ചു. സമയ പരിമിതി ചൂണ്ടിക്കാട്ടി  ഹര്‍ജി സുപ്രിംകോടതി പരിഗണനക്കെടുത്തില്ല. പിന്നീട്  ലാവ്‌ലിന്‍ കേസിലെ സിബിഐ അപ്പീല്‍ മെയ് എട്ടിന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തുവെങ്കിലും വീണ്ടും തടസങ്ങൾ ഉയർന്നുവന്നു. പരിഗണനാ പട്ടികയുടെ ഏറ്റവും പിന്നിലായാണ് കേസ് ഉള്‍പ്പെടുത്തിയത്‌. ഇത്തവണയും സമാനമായ സാഹചര്യമാണ് ഉരുത്തിരിയുന്നത്.

വരുന്ന ബുധനാഴ്ച ലിസ്റ്റ് ചെയ്തിട്ടുളള കേസ്, പട്ടികയുടെ ഏറ്റവും അവസാനഭാഗത്താണ്. അതുകൊണ്ടുതന്നെ  ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കുമോ അല്ലെങ്കിൽ ഏതെങ്കിലും  കാരണം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുമോയെന്ന് ഉറപ്പില്ല.  

സി.ബി.ഐയുടെ കുറ്റപത്രമനുസരിച്ച് മുഖ്യമന്ത്രി  പിണറായി വിജയന്‍  കേസിലെ ആറാം പ്രതിയാണ്. പ്രതികളുടെ വിടുതല്‍ ഹര്‍ജി ശരിവെച്ച തിരുവനന്തപുരത്തെ  സിബിഐയുടെ  പ്രത്യേക കോടതി, പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴ് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. വിചാരണകോടതി ഉത്തരവ് ജസ്റ്റീസ് ഉബൈദ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച്  ശരിവെയ്ക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും വിചാരണ നേരിടണമെന്ന വിധിക്ക്

എതിരെ മറ്റ് പ്രതികളും നല്‍കിയ അപ്പീലാണ് ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

പന്നിയാർ, ചെങ്കുളം, പളളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്ലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് ഉണ്ടെന്നും അതുവഴി സംസ്ഥാനത്തിന് 86.25 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് കേസ്.

കരാറിൽ ഏർപ്പെടുമ്പോൾ വൈദ്യുതി മന്ത്രിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ , ഊ‍‍ർജ വകുപ്പ് മുൻ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി  എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. അപ്പീൽ പോയ സി.ബി.ഐ തന്നെ, പിന്നീട് കേസ് പരിഗണിക്കുന്നതിന് തടസം നിൽക്കുന്നതാണ് കാണുന്നത്. ഇതാണ് രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരിക്കുന്നത്.

Advertisment