ചങ്ങനാശേരി: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം അതിഥി തൊഴിലാളികളുടെമേല്‍ പതിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു ഗുരുതര പരുക്ക്. ബിഹാര്‍ സ്വദേശി ജിതന്ദര്‍ (29) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളികളായ രമേഷ് റാവു, ശിഷിന്‍ നാഥ് എന്നിവര്‍ക്കു ഗുരുതരമായ പരുക്കേറ്റു.
കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണു മൂവരും. കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി.ജയിംസിന്റെ വീട് പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം. വീട് പൊളിച്ചു നീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്കു പതിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയും ചങ്ങനാശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദറിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. പരുക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.