Advertisment

പെരുവയില്‍ രണ്ടിടത്തായി വാഹനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമം. മിനി പിക് അപ് വാന്‍ കടത്താന്‍ ശ്രമിച്ച തമിഴ്‌നാട്ടുകാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. മോഷ്ടിച്ച ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മോഷ്ടാവ് രക്ഷപെട്ടു.

New Update
794233-bike-thefts.jpg

കടുത്തുരുത്തി:  പെരുവയില്‍ രണ്ടിടത്തായി വാഹനങ്ങള്‍ മോഷ്ടിച്ചു കടത്താന്‍ ശ്രമം. രണ്ടും പാരാചയപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പെരുവ ഗുഡ്‌സ് ഓട്ടോസ്റ്റാന്‍ഡിലും, കുറുവേലിപ്പാലത്തിനു സമീപവുമാണു സംഭവം. ഒരാളെ പിടികൂടിയെങ്കിലും പോലീസ് പറഞ്ഞയക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 ന് പെരുവ സ്റ്റാന്‍ഡില്‍ കിടന്ന മിനി പിക് അപ് വാനാണു തമിഴ് നാട്ടുകാരന്‍ എടുത്തു കൊണ്ട് പോയത്. വാഹനം എടുത്തു മാറ്റിയതോടെ ഡ്രൈവര്‍മാര്‍ ബഹളം വച്ചു തടഞ്ഞു നിര്‍ത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ വെള്ളൂര്‍ പോലീസ് മദ്യലഹരിയിലായിരുന്ന തമിഴ് നാട്ടുകാരനെ ബന്ധുക്കളെ വിളിച്ചു വരുത്തി പറഞ്ഞയക്കുകയായിരുന്നു.

വൈകിട്ട് അഞ്ചോടെ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടതോടെ വാഹനം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു. 

പെരുവ തലയോലപ്പറമ്പ് റോഡില്‍ കുറുവേലിപ്പാലത്തിനു സമീപം പാടത്തേക്ക് ഇറക്കി നിര്‍ത്തിയിരുന്ന ഓട്ടോയാണു കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. കാരിക്കോട് മ്യളയംകോട് എം.സി.രാജുവിന്റെ ഓട്ടോറിക്ഷയാണു കടത്തികൊണ്ട് പോകാന്‍ ശ്രമിച്ചത്.

പാടത്തിനു സമീപം നിര്‍ത്തിയിട്ട ശേഷം പുല്ലു മുറിക്കാന്‍ പോയ സമയത്താണു സംഭവം. പുല്ലുമായെത്തിയ രാജു ഓട്ടോറിക്ഷ കാണാത്തതിനെത്തുടര്‍ന്നു പരിശോധിച്ചപ്പോഴാണു സമീപത്തെ കുഴിയിലേക്ക് ഓട്ടോ ചരിഞ്ഞ് നില്‍ക്കുന്നതു കാണുന്നത്. കുഴിയിലേക്കു വീണ ഓട്ടോ കയറ്റാന്‍ പറ്റാത്തത് മൂലം മോഷ്ടാവ് ഉപേക്ഷിച്ചു പോയതാകാമെന്ന് കരുതുന്നു. വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കി.

Advertisment