Advertisment

സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് മുണ്ടക്കയം പുത്തന്‍ചന്തയിലേക്കു മാറ്റി പ്രവര്‍ത്തനം പുനരാരംഭിക്കും. ഒരു വര്‍ഷത്തിനകം പട്ടയം വിതരണം ചെയ്യും. പട്ടയം ലഭിക്കാനുള്ളത് പതിനായിരത്തോളം ചെറുകിട കര്‍ഷകര്‍ക്ക്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുത്തന്‍ചന്തയിലെ ഓഫീസ് കെട്ടിടത്തില്‍ സന്ദര്‍ശനം നടത്തി

New Update
be12a171-dee9-451c-8359-a59573b45e51.jpeg

എരുമേലി: കൈവശ കൃഷിക്കാരുടെ പട്ടയ ലഭ്യതയ്ക്കുവേണ്ടി എരുമേലി വടക്ക് വില്ലേജ് ഓഫീസിനോട് ചേര്‍ന്നു തുറന്ന സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് മുണ്ടക്കയം പുത്തന്‍ചന്തയിലേക്കു മാറ്റി പ്രവര്‍ത്തനം പുനരാരംഭിക്കും. ഒരു വര്‍ഷത്തിനകം പട്ടയം വിതരണം ചെയ്യുമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അറിയിച്ചു.

Advertisment

ഇതിന്റെ ഭാഗമായി ഇന്നലെ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുത്തന്‍ചന്തയിലെ ഓഫീസ് കെട്ടിടത്തില്‍ സന്ദര്‍ശനം നടത്തി സൗകര്യങ്ങള്‍ വിലയിരുത്തി.

എരുമേലി വടക്ക്, എരുമേലി തെക്ക്, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിലായി അപേക്ഷ നല്‍കിയ ഏകദേശം പതിനായിരത്തോളം ചെറുകിട കര്‍ഷകര്‍ക്കാണു പട്ടയം ലഭിക്കാനുള്ളത്. പട്ടയ നടപടികള്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ഒരു സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസ് അനുവദിച്ചത് എരുമേലി വടക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ പഴയ കെട്ടിടത്തിലായിരുന്നു. എന്നാല്‍, ഇവിടെ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിനു പ്രതികൂലമായി.

ഒരു തഹസില്‍ദാര്‍, രണ്ടു ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ആറ് സര്‍വെയര്‍മാര്‍ ഉള്‍പ്പെടെ 17 പുതിയ തസ്തികകളും അനുവദിച്ചിരുന്നു. ഇത്രയും പേര്‍ക്കു ജോലി ചെയ്യാനുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് ഓഫീസ് മാറ്റാന്‍ തീരുമാനിച്ചത്. പുത്തന്‍ചന്തയില്‍ എം.എല്‍.എ ഫണ്ടില്‍ നിര്‍മിച്ച കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റി സ്ഥാപിക്കുക.

പട്ടയം ലഭിക്കുന്നതിനു വനംവകുപ്പുമായും മറ്റും ബന്ധപ്പെട്ടുണ്ടായിരുന്ന നിയമ തടസങ്ങള്‍ എല്ലാം പരിഹരിച്ച് ഇപ്പോള്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് സജ്ജമായിരിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. അര്‍ഹതപ്പെട്ട മുഴുവന്‍ കൈവശ ഭൂമിക്കാര്‍ക്കും ഒരു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുകയാണു ലക്ഷ്യം.

പുഞ്ചവയല്‍, 504 കോളനി, കുഴിമാവ്, കോസടി, മുരിക്കുംവയല്‍, കരിനിലം, പുലിക്കുന്ന്, കാരിശേരി, പാക്കാനം, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര പ്രദേശങ്ങളിലെ കര്‍ഷകരാണ് അപേക്ഷ നല്‍കി പട്ടയത്തിനായി കാത്തിരിക്കുന്നത്.

Advertisment