Advertisment

പുതുപ്പള്ളി  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന വെച്ചൂട്ട് നേര്‍ച്ച സദ്യ ഇന്ന്, വൈദികരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു ആദ്യ ചോറൂട്ടും നടത്തും.

New Update
424932999_880350614101345_3973509798541016001_n.jpg

പുതുപ്പള്ളി: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി  സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചു പതിനായിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്ന വെച്ചൂട്ട് നേര്‍ച്ച സദ്യ ഇന്നു നടക്കും.

ചരിത്ര പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശുദ്ധ മദ്ബഹയില്‍ ഇന്നലെ പ്രതിഷ്ഠിച്ചു. ആഘോഷ പൂര്‍വമായ വിറകിടീല്‍ ചടങ്ങിനുശേഷം പന്തിരുനാഴി പുറത്തെടുത്ത് പുലര്‍ച്ചെ വെച്ചൂട്ടിനുള്ള അരിയിടീലും നടന്നു. വിശ്വാസിസമൂഹം ഒരേ മനസോടെ ഇന്നു വെച്ചൂട്ട് നേര്‍ച്ച സദ്യയില്‍ പങ്കെടുക്കും.

Advertisment

രാവിലെ 11.15നു വെച്ചൂട്ട് നേര്‍ച്ച സദ്യ ആരംഭിക്കും. വൈദികരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കു ആദ്യ ചോറൂട്ടും നടത്തും.

ഇന്നലെ രാവിലെ 8.30നു വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കു ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു ചരിത്ര പ്രസിദ്ധമായ പൊന്നിന്‍ കുരിശ് മദ്ബഹയില്‍ പ്രതിഷ്ഠിച്ചു. ഗീവര്‍ഗീസ് സഹദായുടെ ചൈതന്യം നിറയുന്ന 401 പവന്‍ തൂക്കം വരുന്ന കുരിശ് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമാണു പുറത്തെടുക്കുന്നത്. ഉച്ചകഴിഞ്ഞു പുതുപ്പള്ളി, എറികാട് കരകളില്‍ നിന്നുള്ള വിറകിടീല്‍ ഘോഷയാത്ര നാടിന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതി.

വിറകിടീല്‍ ചടങ്ങിനുശേഷം പാചകത്തിനുള്ള പന്തിരുനാഴി ആഘോഷപൂര്‍വം പുറത്തെടുത്തു. തുടര്‍ന്നു  നിലയ്ക്കല്‍ പള്ളി, പുതുപ്പള്ളി കവല ചുറ്റി പള്ളിയിലേക്കു പ്രദക്ഷിണം നടന്നു. ആഘോഷത്തിനു മാറ്റുകൂട്ടുന്ന ആകാശ വിസ്മയക്കാഴ്ച നയനമനോഹരമായി. വൈദികരുടെ നേതൃത്വത്തില്‍ കെടാവിളക്കില്‍ നിന്നു പകര്‍ന്നു നല്‍കിയ അഗ്‌നി തെളിച്ചാണു  വെച്ചൂട്ടിനുള്ള ചോറ് തയാറാക്കല്‍ ഇന്നു പുലര്‍ച്ചെ ആരംഭിച്ചത്.

 നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനം കൂടിയാണ് ഇന്ന്. ഉച്ചകഴിഞ്ഞ് രണ്ടിനു പെരുന്നാള്‍ പ്രദക്ഷിണം അങ്ങാടി, ഇരവിനല്ലൂര്‍ കവല ചുറ്റി നടത്തും. നാലിനു പ്രസിദ്ധമായ അപ്പവും കോഴിയിറച്ചിയും നേര്‍ച്ചവിളമ്പ്.

Advertisment