അടുത്തിടെ പ്രമാദമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപനയുമായി ബന്ധപ്പെട്ട പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല. 2012 - ൽ സ്ഥാപിതമായ ഫരീദാബാദ് രൂപതയിലും, റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീറിപുകഞ്ഞുതുടങ്ങി.
റിയൽ എസ്റ്റേറ്റ് പദ്ധതി തുടങ്ങിയ രൂപതയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റിനും, രൂപതാധികാരികൾക്കുമെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്.
എറണാകുളത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ അണിയറനീക്കങ്ങൾ നടത്തിയെന്ന് സംശയിക്കുന്ന ആർച്ചുബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയാണ് ആരോപണം നേരിടുന്നത്.
2014 - ൽ അതിരൂപതയുടെ സോഷ്യൽ സർവീസ് പ്രസ്ഥാനമായ സാൻജോ സോഷ്യൽ വെൽഫെയർ സൊസൈറ്റി (SSWS) പദ്ധതിയിട്ട സാൻജോ റെസിഡൻഷ്യൽ കോംപ്ലക്സാണ് വിവാദത്തിനാധാരം.
ഫരീദാബാദ് രൂപതയുടെ ആര്‍ച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ അനുഗ്രഹാശിസ്സുകളോടെയാണ് പ്രസ്തുത പദ്ധതി തുടങ്ങിയത്.
ഡിഡിഎ (ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി) യുടെ മാസ്റ്റർ പ്ലാനനുസരിച്ചു, നജഫ്ഗഡ് എൽ സോണിൽ അനുവദിച്ചുകിട്ടിയ 5.2 ഏക്കറിലാണ് 700 വീടുകളുള്ള ക്രിസ്ത്യൻ (സിറോ-മലബാർ) കോളനിയായി ഈ റെസിഡെൻഷ്യൽ കോംപ്ലക്സ് പണിയാൻ രൂപത, വേണ്ട കൂടിയാലോചനകളില്ലാതെ തുനിഞ്ഞിറങ്ങിയത്.
ഈ കോംപ്ലെക്സിന്റെ പേരിൽ വൻതുകയാണ് മേൽപ്പറഞ്ഞ ട്രസ്റ്റും രൂപതയും പിരിച്ചെടുത്തിരിക്കുന്നത്. മൂന്ന് തരത്തിലുള്ള ഫ്ളാറ്റുകളാണ് മുൻകൂർ ബുക്കിങ്ങിനായി നൽകിയത്. 1000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 27-32 ലക്ഷം രൂപയും, 1500 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 40-45 ലക്ഷം രൂപയും, 2000 സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള ഫ്ളാറ്റിന് 55-60 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
മുൻകൂർ ബുക്കിങ്ങിനായി, 7.5 ലക്ഷം, 10 ലക്ഷം, 14 ലക്ഷം എന്നിങ്ങനെ യഥാക്രമം പിരിച്ചെടുത്തു. 240 ആളുകളിൽ നിന്നും ഇത്തരത്തിൽ പണം പിരിച്ചതായി രൂപതയുമായി ബന്ധപ്പെട്ട വിശ്വസനീയകേന്ദ്രങ്ങളും പണമടച്ചവരും സാക്ഷ്യപ്പെടുത്തുന്നു. ശരാശരി 10 ലക്ഷം രൂപവെച്ചു 24 കോടിയിലധികം രൂപ ഇത്തരത്തിൽ സമാഹരിച്ചു.
എന്നാൽ, ഈ പദ്ധതിക്കായി സ്ഥലം അനുവദിച്ചുകിട്ടിയെങ്കിലും നിർമാണനടപടികൾ ഒന്നും തന്നെ തുടങ്ങിയിട്ടില്ല. സമാഹരിച്ച വൻ തുകയാകട്ടെ, ഡൽഹിയുടെ ഹൃദയഭാഗത്ത് മെത്രാസനമന്ദിരത്തിനായി ആഡംബരഫ്‌ളാറ്റുകൾ വാങ്ങിയതുപോലുള്ള മറ്റ് പദ്ധതികൾക്കായി വകമാറ്റിയതായും ആരോപിക്കപ്പെടുന്നു.
വലിയപ്രതീക്ഷകളോടെ, ഡൽഹിയിൽ പ്രവാസികൾക്ക് തേനും പാലുമൊഴുകുന്ന കാനാൻ ദേശം വാഗ്ദാനം ചെയ്ത് തുടങ്ങിയ ഈ സ്വപ്നപദ്ധതി, രൂപതാധികാരികളുടെ സമാനതകളില്ലാത്ത അഴിമതിയുടെയും, കെടുകാര്യസ്ഥിതിയുടെയും, ധാർഷ്ട്യത്തിന്റെയും, കൂത്തരങ്ങായി മാറിയതായി പണം നഷ്ടപ്പെട്ടവർ പറയുന്നു. ഒരു വീട് എന്ന പ്രവാസി സ്വപ്നത്തെ രൂപതാധ്യക്ഷനും മറ്റ് അധികാരികളും അതിവിദഗ്ധമായി ചൂഷണം ചെയ്യുകയാണുണ്ടായതെന്നും ആളുകൾ ആരോപിക്കുന്നു.
ഫ്ലാറ്റുമായി ബന്ധപ്പെട്ടു വിവരങ്ങൾ ആരായുന്നവരോട്, പദ്ധതി നടക്കുകയാണ്, DDA ആണ് മുൻകൈ എടുക്കേണ്ടത്, സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് പദ്ധതി വൈകുന്നത് എന്നിങ്ങനെയുള്ള മറുപടിയാണ് വേണ്ടപ്പെട്ടവർ നൽകുന്നത്. സ്ഥലം DDA യിൽ നിന്നും ഏറ്റെടുത്തപ്പോൾ അവിടെപ്പോയി ഒരു കുർബാന ചൊല്ലിയതൊഴിച്ചാൽ യാതൊരുനടപടികളും അധികാരികളുടെ ഭാഗത്തുനിന്നുണ്ടായതായി കാണുന്നില്ല.
അനുവദിച്ചുകിട്ടിയിരിക്കുന്ന സ്ഥലത്ത് യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ല. റോഡ്, വൈദ്യുതി, വെള്ളം ഇവയൊന്നുമില്ല. അതിനാൽത്തന്നെ രൂപതയ്ക്ക് സ്വന്തമായി ഈ കോംപ്ലക്സ് വികസിപ്പിച്ചെടുക്കാൻ ഉടനൊന്നും സാധിക്കില്ല.
ഇത് മനസിലാക്കി, മുടക്കിയ പണം തിരിച്ചു ചോദിക്കുന്നവരോട് വേണമെങ്കിൽ പകരം ആളെ കണ്ടെത്തിയാൽ പണം തിരിച്ചുതരാമെന്നാണ് പറയുന്നത്. പകരം ആരെയെങ്കിലും കണ്ടെത്തിയാൽ പണം തിരിച്ചുതരാമെന്നുപറയുന്നതു, പിരിച്ചെടുത്തതുക മറ്റാവശ്യങ്ങൾക്കായി വിനിയോഗിച്ചുവെന്നതിനും, തിരിച്ചുകൊടുക്കാനുള്ള ബാക്ക് അപ്പ് ഇല്ലായെന്നതിനും ശക്തമായ തെളിവായി പലരും കണക്കാക്കുന്നു.
രൂപത ഏറ്റെടുത്തിരിക്കുന്ന സ്ഥലം വിറ്റ്, പലിശയടക്കം നൽകിയ തുക തിരികെനൽകണമെന്ന ആവശ്യവും ശക്തി പ്രാപിക്കുകയാണ്. ഇതുമായി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും സിവിൽ കേസ് കൊടുക്കുമെന്നും പണംമുടക്കിയ വിശ്വാസികൾ പറയുന്നു. സ്ഥിരമായി ഗവണ്മെന്റ് ജോലികളൊന്നും ഇല്ലാത്തവരും, റിട്ടയർമെന്റ് പ്രായമടുത്തവരുമാണ് ഇരകളിൽ ഏറിയപങ്കും.
മറ്റ് ഭവനവായ്പകൾ കിട്ടാനുള്ള സാധ്യതക്കുറവും, ഒരു ഡെഡ് ഇൻവെസ്റ്റ്മെന്റ് ആയി ഇത്രയേറെ തുകമുടക്കേണ്ടിവന്നതും ഈ ആളുകളെ അങ്ങേയറ്റം വിഷമത്തിലാക്കിയിരിക്കുകയാണ്. ഇതിൽ നിന്നും എങ്ങനെ രക്ഷപെടുമെന്ന ചിന്തയിലാണ് പണം മുടക്കിയ എല്ലാവരുംതന്നെ.
എന്നാൽ, പെട്ടന്നൊന്നും നടപ്പിലാകില്ലാത്ത ഒരു പദ്ധതിക്കായി വൻതോതിൽ ഇടവകകൾ കയറി പണം സമാഹരിച്ചത് രൂപതയുടെ പ്രവർത്തനങ്ങൾക്കു അവിഹിതമായി മൂലധനം സമാഹരിക്കുക എന്ന നിഗൂഡഉദ്ദേശത്തോടെയാണ് എന്ന ആരോപണവും പുറത്തുവരുന്നുണ്ട്. അതിനുശേഷമുള്ള രൂപതയുടെ സാമ്പത്തികഇടപാടുകളും ക്രയവിക്രയങ്ങളും അത്തരം സംശയങ്ങൾക്ക് സാധുത നൽകുന്നതുമാണ്.
വമ്പൻ റിയൽ എസ്റ്റേറ്റ് സാദ്ധ്യതകൾ മുൻപിൽ കണ്ടാണ് ഈ പദ്ധതി ആരംഭിച്ചത്. പ്രവാസികളായ വിശ്വാസികളെ സഹായിക്കുക എന്നതിലുപരി, ഏകദേശം 280 - 300 കോടി രൂപയുടെ ഇടപാടിലൂടെ (700 Flats X 40 - 45 Lakh average per flat) വൻ സാമ്പത്തികനേട്ടമാണ് രൂപതാനേതൃത്വം ലക്ഷ്യം വെച്ചിരുന്നത്.
ഈ ആരോപണങ്ങൾ പുറത്തുവന്നതോടെ, രൂപതയുമായി ബന്ധപ്പെട്ടവർ സോഷ്യൽ മീഡിയയിൽ വിചിത്രന്യായീകരണങ്ങളുമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. പതിവ് പോലെ എല്ലാം DDA യുടെ തലയിൽചാരിയാണ് രക്ഷപെടാൻ ശ്രമിക്കുന്നത്. അതോടൊപ്പം സാൻജോ സൊസൈറ്റിക്കു രൂപതയുമായി യാതൊരുബന്ധവുമില്ലെന്ന അർത്ഥശൂന്യമായ വാദഗതിയും അവതരിപ്പിക്കുന്നു.
രൂപതയുടെ വെബ്‌സൈറ്റിൽ നിന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും വിവരങ്ങളും നീക്കം ചെയ്യുകയും ചെയ്തു. രൂപതയുടെ സോഷ്യൽ സർവീസ് പ്രസ്ഥാനമാണ് സാൻജോ സൊസൈറ്റി. രൂപതയ്ക്ക് നൽകുന്ന നിരവധി സംഭാവനകൾക്ക് ടാക്സ് എക്സംപ്ഷന്‍ നൽകുന്നതും ഈ സൊസൈറ്റി വഴിയാണ്. ഇതിന്റെ രക്ഷാധികാരി ആർച്ചുബിഷപ്പ് ഭരണികുളങ്ങരയും.
അതേസമയം, ഈ പദ്ധതിക്ക് ആർച്ചുബിഷപ്പിനുവേണ്ടി പ്രവർത്തിച്ച വടക്കുംപാടനച്ചനും ജെറ്റോഅച്ചനും എറണാകുളം അതിരൂപതയിലേക്കു തിരികെ പോയി.
തുടർന്ന് ജോസ് ഇടശ്ശേരി ചാർജ് എടുത്തെങ്കിലും, അദ്ദേഹത്തെയും മാറ്റി മറ്റ് രൂപതകളിൽനിന്നും വികാരി ജനറാൾമാരെ അടുത്തിടെ കൊണ്ടുവരുകയും ചെയ്തു. അവരൊക്കെ പദ്ധതിയ്ക്ക് ചുക്കാന്‍ പിടിച്ചതിന്റെ പേരില്‍ ബാലിയാടാകുന്നതാണ് സ്ഥിതി . അതിനാൽത്തന്നെ ആർച്ചുബിഷപ്പ് ഭരണികുളങ്ങരക്ക് ഈ പദ്ധതിയുമായി മറ്റാരെയുംകാൾ കൂടുതൽ ഉത്തരവാദിത്തമാണുള്ളത്.
മേൽപ്പറഞ്ഞ അഴിമതിയാരോപണങ്ങൾക്കു പുറമെ രൂപത വലിയ കടബാധ്യതയിലാണെന്നതും വിശ്വാസികളെ ആശങ്കപ്പെടുത്തുന്നു. രൂപതയുടെ ഒട്ടുമിക്ക ആസ്തികളും പണയപ്പെടുത്തിയിരിക്കുകയാണ്.
ഇത്തരം അഴിമതിയുമായി ബന്ധപ്പെട്ടു സിവിൽ കേസ് ഉണ്ടായാൽ, കേരളത്തിലെപോലെ അധികാരവും സ്വാധീനവുമുപയോഗിച്ചു രക്ഷപ്പെടുക ഡൽഹിയിൽ അത്ര എളുപ്പമല്ല. കാര്യങ്ങൾ അവതാളത്തിലാകും.
ചുരുക്കത്തിൽ പുകഞ്ഞു തുടങ്ങിയ ഒരു അഗ്നിപർവതമായി ഫരീദാബാദ് രൂപത മാറുകയാണ്. എറണാകുളം അതിരൂപതയിൽ, വൈദികരാണ് ആരോപണമുന്നയിച്ചതെങ്കിൽ, ഇവിടെ അല്മയരാണ് കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്ന വ്യത്യാസം മാത്രം. കൊച്ചിയില്‍ സംഭവിച്ചത് നഷ്ടമാണെങ്കില്‍ ഫരീദാബാദില്‍ സംഭവിച്ചിരിക്കുന്നത് തട്ടിപ്പാണ്. ഇതിനെതിരെ ഡൽഹി കേന്ദ്രീകരിച്ചു സിറോ മലബാർ അൽമായ ഫോറത്തിന്റെ രൂപീകരണം നടന്നുവരുന്നുണ്ട്.
ഫരീദാബാദ് രൂപതയിലെ ഒട്ടുമിക്ക ഇടവകകളുടെയും ചുമതല എറണാകുളം അതിരൂപതയിലെ വൈദികർക്കാണെന്നതും കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊച്ചിയിലെ തട്ടിപ്പുകള്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കര്‍ദ്ദിനാളിന്റെ തലയില്‍ ചാര്‍ത്തിയെങ്കിലും ഫരീദാബാദിലെ തട്ടിപ്പുകള്‍ ആരില്‍ ചാര്‍ത്തുമെന്നതും കാത്തിരുന്നു കാണേണ്ടതാണ്.