കൊല്ലവർഷം 1099 കർക്കടകത്തിലെ (1924 ജൂലൈ, ഓഗസ്റ്റ്) മഹാപ്രളയം കഴിഞ്ഞ് 70 വർഷം പൂർത്തിയാകുന്നു. കേരളത്തെ തുടർച്ചയായി 27 ദിവസം വെള്ളത്തിനടിയിലാക്കിയ ആ പ്രളയത്തെ കുറിച്ച് ഒരനുസ്മരണം,
ഇ.പി. ഷാജുദീൻ 1994 ജുലൈ 24-ലെ സണ്‍ഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ലേഖനം.
കാലടി തലയാറ്റുംപള്ളി മനയുടെ നാലുകെട്ട് ഇന്നില്ല. പക്ഷേ 70 വർഷം മുൻപ് അപ്ഫൻ രാമൻ നമ്പൂതിരി 99-ലെ വെള്ളത്തിന്റെ പൊക്കം വരും തലമുറയ്ക്ക് ഓർമയാകട്ടെ എന്നു പറഞ്ഞ് കൊത്തിവച്ച ജലനിരപ്പടയാളം പിൻഗാമികൾ ഇന്നും സൂക്ഷിക്കുന്നു.
പെരിയാറിന്റെ തീരത്താണ് മനവക പുരയിടം. എല്ലാവർഷവും പുരയിടത്തിൽ വെള്ളം കയറുക പതിവ്. അതിനാൽ കൊല്ലവർഷം 1099 കർക്കടകത്തിൽ ഒരു ദിവസം രാവിലെ മുറ്റത്തു വെള്ളം കയറിയിട്ടും പ്രത്യേകിച്ച് ഒന്നുംതോന്നിയില്ലെന്ന് വെള്ളപ്പൊക്കത്തിന്റെ കെടുതി അനുഭവിച്ച തലയാറ്റുംപള്ളി പരമേശ്വരൻ നമ്പുതിരി അനുസ്മരിക്കുന്നു. അന്ന് അദ്ദേഹത്തിന് ആറു വയസ്സാണ്.
കാണെക്കാണേ വെള്ളം പെരുകുന്നു. ഗുരുതി കലക്കിയ കണക്ക് വെള്ളത്തിന്റെ നിറം. ഭയങ്കര മഴ, ഉഗ്രൻ ഇടിമിന്നൽ. അതിശൿതമായ ഒഴുക്കും. തടികളും തേങ്ങയും പെട്ടികളുമൊക്കെ ഒഴുകി വരുന്നതിനു കണക്കില്ല. വെള്ളം പൊങ്ങിയതോടെ എല്ലാവരും തട്ടിൻ പുറത്തു കയറി. ഒരു രാത്രി അവിടെ. പിറ്റേന്നു നേരം വെളുത്തപ്പോൾ മനയിൽ നിന്നു രക്ഷപ്പെടാനായി കണ്ണപ്പള്ളി കുഞ്ഞുവറീത് എന്നയാളുടെ വലിയ വള്ളം വരുത്തി. കാലടിയിലെ ഉയരം കൂടിയ സ്ഥലമായ മറ്റൂർ കുന്നാണ് ലക്ഷ്യം. ഇന്ന് ശ്രീ ശങ്കരാ കോളജ് ഇരിക്കുന്ന സ്ഥലം.
ഏഴു ദിവസം കഴിഞ്ഞ് മറ്റൂർ കുന്നിൽ നിന്നു തിരിച്ചു വന്നതും വള്ളത്തിൽ. വരുമ്പോൾ മുറ്റത്ത് നാലടി ഘനത്തിൽ ചെളി. മുറ്റമേത് ഇറയമേത് എന്നറിയാനാവുന്നില്ല. ചെളി നീക്കിക്കൊണ്ടിരിക്കുമ്പോൾ വീണ്ടും വരുന്നു വെള്ളം.
വൈകിയില്ല, വീണ്ടും മറ്റൂർ കുന്നിലേക്ക് വിട്ടു. എട്ടു ദിവസം കൂടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പെരിയാർ പഴയ പെരിയാറായി.
രണ്ടാമതും തിരിച്ചെത്തി നോക്കുമ്പോൾ നിലവറയിലേക്ക് കടക്കുന്ന വതിലിനു മുകളിൽ ചെളികൊണ്ട് പ്രകൃതി കുറിച്ചിട്ട ജലനിരപ്പിന്റെ അടയാളം. ഇതുകണ്ട രാമൻ നമ്പൂരിതിരിക്ക് അതൊന്നു കുറിച്ചിടാൻ തോന്നി. കങ്ങര രാമൻ നായരെ വിളിപ്പിച്ചു. മനയ്ക്കലെ കുടിയാനും മാണിക്കമംഗലം ഹൈസ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്ററുമായ രാമൻ നായർ വാതിലിനു മുന്നിലെ തടിയിൽ കൊത്തിവച്ചു. “ ”1099 കർക്കിടകം 1-ാംനു മുതൽ ഈ ഭിത്തിയിന്മേൽ 2-അരക്കോൽ വെള്ളം പൊങ്ങിയിരിക്കുന്നു.“
തൊണ്ണൂറ്റൊമ്പതിന്റെ ഒൻപത് രണ്ടും തലതിരിച്ചാണ് ഡ്രോയിങ്ങ് മാസ്റ്റർ കൊത്തിവച്ചത്. കാരണം, അദ്ദേഹത്തിന് ഇംഗ്ലീഷ് വിദ്യഭ്യാസം തീരെയില്ല. അങ്ങനെ തലതിരിഞ്ഞ് ആ തൊണ്ണൂറ്റൊമ്പതിന്റെ സ്മാരകങ്ങളിലൊന്ന് തലയാറ്റുംപള്ളി മനയുടെ ചുമരിൽ സ്ഥാനം പിടിച്ചു.
വർഷങ്ങൾ കഴിഞ്ഞു കുടുംബാംഗങ്ങൾ പലവഴിക്കു ചിതറിയപ്പോൾ നോക്കാൻ ആളില്ലാത്തതിനാൽ മനയിലെ നാലുകെട്ട് പൊളിച്ചു. എന്നാൽ, താൻ പണിത പുതിയ വീട്ടിലും പഴയ വെള്ളപ്പൊക്കസ്മാരകത്തിനു സ്ഥലം കണ്ടെത്താൻ രാമൻ നമ്പൂതിരിയുടെ മകൻ നാരായണൻ നമ്പൂതിരി മറന്നില്ല. വീടിന്റെ പുറം ഭിത്തിയിൽ പഴയ അതേ നിരപ്പിൽ ഫലകം സ്ഥാപിച്ചു.
<ഇ.പി. ഷാജുദീൻ>
തലയാറ്റുംപള്ളി മനയിൽ നിന്ന് ഏറെ ദൂരെയല്ലാതെ മാണിക്കമംഗലത്തെ മറ്റൊരു തറവാട്ടിലും തൊണ്ണൂറ്റൊമ്പതിന്റെ സ്മാരകമുണ്ട്. വിശാലമായ പറയത്തു വീടിന്റെ ഗേറ്റ് കടക്കുമ്പോഴേ മുൻ ഭിത്തിയിൽ കുറിച്ചിട്ടിരിക്കുന്നതു കാണാം “1099ലെ വെള്ളപ്പൊക്കം”. ഈ മാളികയുടെ താഴത്തെ നിലയിൽ രണ്ടാൾ പൊക്കത്തിലാണ് വെള്ളം കയറിയത്. നിലത്തു നിന്ന് ഏറെ ഉയരത്തിലുള്ള തിണ്ണയിൽ നിന്ന് രണ്ടാൾ പൊക്കത്തിൽ! അതായത് തൊട്ടടുത്തുള്ള പുരയൊക്കെ വെള്ളത്തിനടിയിൽ.
പൂർവികരിൽ ഒരാൾ എഴുതിയത് എന്നല്ലാതെ ആരായിരിക്കും ഇതു രേഖപ്പെടുത്തിയത് എന്ന് വീട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ പത്മനാഭമേനോനു തീർച്ചയില്ല. പക്ഷേ, അദ്ദേഹം ഇന്നും ഈ രേഖ വൃത്തിയായി സൂക്ഷിക്കുന്നു.
അദ്വൈതത്തിന്റെ ആദ്യ കാലടികൾ പതിഞ്ഞ മണ്ണിൽ വെള്ളപ്പൊക്കത്തെയും കലത്തെയും അതിജീവിച്ച് തൊണ്ണൂറ്റൊമ്പതിന്റെ ഒരു സ്മാരകം കൂടിയുണ്ട്. ശൃംഗേരി മഠത്തിനു സമീപമുള്ള ബംഗ്ലാവ്. അതൊരു ധീരന്റെ കൂടി കഥയാണ്. കൊച്ചി, തിരുവിതാംകൂർ, മൈസൂർ രാജ്യങ്ങളിൽ ചീഫ് ജസ്റ്റീസ് ആയിരുന്ന പെൻഷൻ പറ്റിയ രാമചന്ദ്രയ്യനായിരുന്നു. അന്ന് അവിടുത്തെ താമസക്കാരൻ. ശൃംഗേരി മഠത്തിന്റെ ക്ഷേത്രപ്പണിയുടെ ചുമതലക്കാരനായിരുന്ന അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് മഠം വകയായിരുന്നു.
വെള്ളം പൊങ്ങി എല്ലാവരും ജീവനും കൊണ്ടോടിയപ്പോൾ കാശുമുടക്കി പണിത ഈ കെട്ടിടം തകരില്ലെന്നും പറഞ്ഞ് ജഡ്ജി അവിടെനിന്നു മാറാൻ കുട്ടാക്കിയില്ല. കുന്നിലേക്ക് പോകാൻ വള്ളം വന്നപ്പോൾ തലയാറ്റുംപള്ളി മനയിലെ അപ്ഫൻ നമ്പൂതിരി രാമചന്ദ്രയ്യനെ വിളിക്കാൻ പറയത്തു മേനോനെ അയച്ചു. “ ഈ കെട്ടിടം തകർന്നാൽ കൂടെ ഞാനും പൊയ്ക്കൊള്ളാ”മെന്നു പറഞ്ഞ് ജഡ്ജി അവിടിരുന്നു.
ബംഗ്ലാവ് മുങ്ങി. ജഡ്ജി മൂന്നു ദിവസം പിടിച്ചിരുന്നത് മേൽക്കൂരയിൽ. മനുഷ്യരും ആനയുമൊക്കെ ഒഴുകിപ്പോകുന്നത് അദ്ദേഹം അവിടിരുന്നു കണ്ടു. വെള്ളമിറങ്ങിയപോൾ ബംഗ്ലാവ് പണിത തിരുവിതാംകൂർ മരാമത്ത് ചീഫ് എഞ്ചിനിയർ സഞ്ജീവ റാവുവിനെ വിളിച്ച് കെട്ടിടത്തിന്റെ ഉറപ്പിനു സർട്ടിഫിക്കറ്റ് കൊടുത്തു, ജഡ്ജി. ബംഗ്ലാവ് ഇപ്പോഴും കാലടിയിലുണ്ട്. അവിടെ വേദപഠന ക്ലാസ്സുകൾ നടക്കുന്നു.
മനുഷ്യരുടെ മൃതദേഹങ്ങൾ കണ്ടില്ലെങ്കിലും ആനയൊഴുകുന്നത് താൻ കണ്ടിരുന്നെന്ന് പരമേശ്വരൻ നമ്പൂതിരി പറയുന്നു. ചത്ത ആന. എന്നാൽ, ജീവനുള്ള കടുവ വെള്ളപ്പൊക്കത്തിനൊപ്പം കാലടിയിലിറങ്ങി.
ആശ്രമം കോമ്പൗണ്ടിലാണ് കടുവ പ്രത്യക്ഷപ്പെട്ടത്. അറിഞ്ഞ് ആളുകൾ കൂടിയപ്പോൾ കടുവ അടുത്തുള്ള ഇല്ലിക്കാട്ടിൽ കയറിയിരുന്നു. കുറേ നേരത്തേക്ക് കടുവയെ കാണാനില്ല. അപ്പോഴൊരാൾ അടുത്ത തെങ്ങിൽ കയറി നോക്കുമ്പോൾ കടുവ ഇലിക്കാട്ടിൽ. പിന്നീട് കടുവായെ വെടിവച്ച് കൊന്നു.
കാലടിയിൽ കടുവ ഇറങ്ങിയപ്പോൾ കുമരകത്ത് നാടുവിറപ്പിച്ചത് ഒരു പുലി. കാട്ടിൽ പിഴുതു വീണ് ഒഴുകി വന്ന ഒരു കൂറ്റൻ മരത്തിൽ ഇരുന്നാണ് പുലി നാടു കാണാനിറങ്ങിയത്. പ്രളയജലം പരക്കുന്നതിനിടയിൽ പുലി എതിലേ പോയെന്നു മനസ്സിലാക്കാൻ പറ്റിയില്ല. വെള്ളമൊന്നിറങ്ങിയപ്പോൾ അതിലേ പോയ കുട്ടികളാണ് കണ്ടത് തട്ടക്കാട്ടു വീടിന്റെ പിൻഭാഗത്തെ അഴിക്കുള്ളിലൂടെ രണ്ടു കണ്ണുകൾ!.
പശുക്കിടാവാണെന്നു കുട്ടികൾ കരുതി. വന്നു നോക്കിയ മുതിർന്നവർക്ക് കാര്യം പിടികിട്ടി, ഇതൂ പുലിതന്നെ. അവിടം ഇളക്കിയപ്പോൾ പുലി പുറത്തു ചാടി. പുലി ഓടിച്ചെന്നത് ഇന്നു ഹൈസ്കൂൾ ഇരിക്കുന്ന മൈതാനത്ത്. അത് അവിടുത്തെ കുളത്തിൽ ചാടി. കുളത്തിലിട്ടു തന്നെ അതിനെ വെടിവച്ചു കൊന്നു, കർഷക പ്രമുഖനായ ഇല്ലിക്കുളം ഏബ്രഹാം ജോൺ. പിന്നെ ഉത്സവമായി. ചത്ത പുലിയുടെ വായിൽ ഒരു തടിക്കഷണം തിരുകിക്കയറ്റി പുലിയെയും കൊണ്ടുള്ള ഘോഷയാത്രയായി.
ഓരോ വീട്ടിലും പുലിയെ കൊണ്ടുചെന്നു പ്രദർശിപ്പിക്കും. അതിനൊപം പിരിവും. കോട്ടയം വരെ പ്രദർശനം നടത്തി. അന്നത്തെ കുമരകം സ്കൂൾ അഭയാർത്ഥി ക്യാമ്പായിരുന്നു. സ്കൂളിൽ അധ്യാപകർക്കിരിക്കാൻ മുറിയുണ്ടായിരുന്നില്ല. പുലി പ്രദർശനത്തിൽ നിന്നു കിട്ടിയ 75 രൂപാ കൊണ്ട് അരഭിത്തികെട്ടി കമ്പിയഴിട്ട് ഒരു മുറി പണിതു. അതു “പുലി മുറി”. എഴുപതു വർഷമായിട്ടും കുമരകത്തെ പ്രൈമറിസ്കൂളിൽ അധ്യാപകർക്കിരിക്കാൻ “പുലിമുറി” തന്നെ ശരണം. പക്ഷെ, കുമരകത്തെ പുതിയ തലമുറയ്ക്ക് പുലിമുറിയെ കുറിച്ച് കേട്ടറിവു പോലുമില്ല.
വെള്ളപ്പൊക്കത്തെ കുറിച്ച് കുമരകത്തു നിന്നും പുസ്തകവുമിറങ്ങി. 1924 സെപ്റ്റംബർ 15-ന്. “കുമരകത്തെ ഭയങ്കര വെള്ളപൊക്കം” എന്ന ഓട്ടൻ തുള്ളൽ പുറത്തിറക്കിയത് മണ്ണാത്തറെ ലൂക്കോസ്.
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്നു പഴമക്കാർ പറയുമ്പോൾ പുതുതലമുറയ്ക്ക് ഊഹിക്കാനാവുന്നതിന് ഒരു പരിധിയുണ്ട്. തങ്ങളുടെ ഓർമയിലെങ്ങാനുമുള്ളതിനേക്കാൾ അൽപം കൂടി വെള്ളം പൊങ്ങിയ പ്രളയം.
അതൊന്നുമായിരുന്നില്ല തൊണ്ണൂറ്റൊമ്പതെന്ന് അന്നത്തെ പത്രവാർത്തകൾ തെളിവ്. കണ്ണെത്തും ദൂരത്തെല്ലാം വെള്ളം, വെള്ളം മാത്രം. നോക്കി നിൽക്കെ ഉയർന്നു വരുന്ന വെള്ളത്തിനു ചുവന്നു കലങ്ങിയ നിറം.
മലമ്പ്രദേശത്തു നിന്നു കുട്ടനാട്ടിലേക്ക് കാട്ടുമൃഗങ്ങളുടെ ജഡങ്ങൾക്കൊപ്പം സ്ത്രീകളൂടെയും വൃദ്ധന്മാരുടെയും കുട്ടികളുടെയും മൃതദേഹങ്ങളൊഴുകി. തീരനഗരങ്ങളിലെ പൊതു നിരത്തിൽ കൂടി നോഹയുടെ പെട്ടകങ്ങൾ പോലെ കെട്ടുവള്ളങ്ങൾ. നാടൊട്ടാകെ ഗതാഗതം മുടങ്ങി. തപാൽ നിലച്ചു. രോഗികളെ ആശുപത്രിയിലാക്കാനാവാതെ ബന്ധുക്കൾ വലഞ്ഞു. അല്‍പമെങ്കിലും ഉയരമുള്ള പ്രദേശങ്ങളെല്ലാം അഭയാർഥികളെക്കൊണ്ടു നിറഞ്ഞു.
എഴുപതു വർഷം മുൻപത്തെ കള്ളകർക്കടകത്തിന്റെ വൃത്താന്തങ്ങളടങ്ങിയ പത്രറിപ്പോർട്ടുകളിലേക്ക് കണ്ണോടിച്ചാൽ തരിച്ചിരുന്നു പോകും. മിഥുനം 26-ൽ എറണാകുളത്തുണ്ടായ കൊടുങ്കാറ്റിൽ ഏതാനും വഞ്ചികൾ മുങ്ങി. നാശനഷ്ടം തിട്ടപ്പെടുത്താനായതേയില്ല. അഞ്ചു ദിവസം കഴിഞ്ഞ് ഈ വാർത്ത മാന്നാനത്തു നിന്നിറങ്ങുന്ന ദീപികയിൽ അച്ചടിച്ചു വന്നപ്പോൾ നാടിന്റെ നാനാഭാഗങ്ങളിൽ ഇത്തരം നൂറുകണക്കിന് അപകടങ്ങളുണ്ടായിക്കഴിഞ്ഞിരുന്നു. ശൿതമായ അടിയൊഴുക്കിൽ പെട്ട മൃതദേഹങ്ങളെല്ലാം കടലിലേക്ക് ഒഴുകി.
എറണാകുളം, പോഞ്ഞിക്കര, വെണ്ടുരുത്തി, ഞാറയ്ക്കൽ പ്രദേശങ്ങളെല്ലാം സമുദ്രനിരപ്പിലാകാൻ മണിക്കൂറുകളേ എടുത്തുള്ളു. ചൊവ്വര, ഇടപ്പള്ളി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽ പാതകൾക്കു മീതേ വഞ്ചിതുഴയാനും വിധം വെള്ളമുയർന്നു. പലയിടത്തും റെയിൽ പാലങ്ങൾ ഒഴുകിപ്പോയി. റെയിൽ ഗതാഗതം മുടങ്ങിയതോടെ എറണാകുളത്തു യാത്രക്കാർ കുടുങ്ങി. താമസിയാതെ ലോഡ്ജുകൾ തിങ്ങി നിറഞ്ഞു.
കർക്കടകം ഒന്നാം തീയതി എറണാകുളത്ത് ബ്രോഡ്വേ മൈതാനം സമുദ്ര തുല്യമായി. മുല്ലേപ്പടി റോഡ് മുതൽ ചിറ്റൂർ റോഡ് വരെ രണ്ടു ദിവസം കൊണ്ട് ഒരാൾപൊക്കത്തിൽ വെള്ളമുയർന്നു. എറണാകുളത്തെ നിരത്തുകളിൽ കടത്തു വള്ളങ്ങൾ സ്ഥാനം പിടിക്കൻ അധികം വൈകിയില്ല.
മധ്യതിരുവിതാംകൂറിൽ തിരുവല, തിരുമൂലപുരം, തുകലശേരി തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകളിൽ രണ്ടു ദിവസം കൊണ്ട് 8000 പേരാണ് അഭയാർഥികളായി എത്തിയത്. വെമ്പാല, മുഴക്കീർ, തലയാർ, പാണ്ടനാട്, മണിപ്പുഴ, ചാത്തൻകരി, നിരണം, മാന്നാർ, കാരയ്ക്കൽ, പെരുന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് ആയിരങ്ങൾ ജീവനും കൊണ്ടു പാഞ്ഞു.
അന്ന് എല്ലായിടത്തുനിന്നുമുള്ള റിപ്പോർട്ടുകളോടൊപ്പം സ്ഥിരം ഒരു വാചകമുണ്ട് “ശവങ്ങൾ ഒഴുകി നടക്കുന്നു”. ആടുമാടുകളുടെയും കാട്ടുമൃഗങ്ങളുടെയും ജഡങ്ങൾക്കൊപ്പം മനുഷ്യരുടെ മൃതദേഹങ്ങളും എല്ലായിടത്തും ഒഴുകി. “ആടുമാടുകളും കോഴി, താറാവ് തുടങ്ങിയവയും ഒഴുകി പോയതിനു കണക്കൊന്നുമില്ലാ” എന്ന വാചകവും വിവിധയിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ കാണാം.
കർക്കടകം ഒന്ന് (1924 ജൂലൈ 26) ബുധനാഴ്ച പകൽ ആലപ്പുഴയിലെ തോടുകൾ സമുദ്രതുല്യമായി. രാത്രിമാത്രം ഉയർന്നത് മൂന്നടി വെള്ളം. അകലെനിന്നു പ്രാണരക്ഷാർഥം ഓടിവരുന്നവരെ പാർപ്പിക്കാൻ കച്ചേരി മൈതാനത്ത് കെട്ടിയ ഓലക്കെട്ടിടവും തകർന്നു. തിരുവിതാംകൂറിലെ വാണിജ്യ സിരാകേന്ദ്രമായ ആലപ്പുഴ ചന്തയിൽ സംഭരിച്ചിരുന്ന ചാക്കുകണക്കിന് ഉപ്പും പഞ്ചസാരയും വെള്ളത്തിൽ അലിഞ്ഞു പോയി. നൂറുകണക്കിനു ചാക്കു മാത്രം ഒഴുകി നടന്നു.
കർക്കടകം നാലിന് പമ്പയാറ്റിലും അതിഭയങ്കരമായി വെള്ളമുയർന്നു. റാന്നി ചന്തയിലെ കെട്ടിടങ്ങളിൽ മിക്കതും മലവെള്ളത്തിന്റെ കരുത്തിനു മുന്നിൽ കീഴടങ്ങി. തട്ടിൻ പുറത്തു കയറിയിരുന്ന 12 പേരുമായാണ് ഒരു വീട് ഒഴുകിപ്പോയത്. മുണ്ടക്കയത്തും മണിമലയിലുമൊക്കെ വീടുകൾ വടമിട്ട് വൻമരങ്ങളിൽ കെട്ടിയിടുകയായിരുന്നു. മരങ്ങൾ വേരോടെ പിഴുതു വീണപ്പോൾ മരവും വീടും ഒരുമിച്ച് മണിമലയാറ്റിലൂടെ ഒഴുകി.
അന്നത്തെ മണിമല ലേഖകന്റെ റിപ്പോർട്ട് കാണുക: “ഇതിന്റെ താഴെയായി മുല്ലപ്പുഴ ചേരിയെന്ന സ്ഥലത്തു നിന്നും പലരും കണ്ട് പ്രത്യേകം എണ്ണി നോക്കിയതിൽ രണ്ടു മണിക്കൂറിൽ 150 കെട്ടിടങ്ങൾ ഒഴുകി പോയതായി പറയുന്നു. ഇതുകളിൽ മനുഷ്യരുണ്ട്. നോഹയുടെ കാലത്തെ പ്രളയമോ ഇതെന്ന് തോന്നുമാറ് ഭയങ്കരം, അതിഭയങ്കരമെന്നല്ലാതെ എന്തു പറയാൻ.”
കോതമംഗലത്ത് പെരിയാർ നിറഞ്ഞു കവിഞ്ഞതോടെ തൊള്ളായിരം ഏക്കർ ഉണ്ടായിരുന്ന പെരിയാർ റബർ തോട്ടം വെള്ളത്തിനടിയിലായി. രാത്രിയിൽ കുതിച്ചെത്തിയ വെള്ളത്തിൽ റൈട്ടറും കൂലിപ്പണിക്കാരും താമസിച്ചിരുന്ന കെട്ടിടം അവരെയും കൊണ്ട് ഒഴുകി. കുറേ ജോലിക്കാർ വീട്ടിൽ നിന്ന് ചാടി റബർ മരങ്ങളിൽ വലിഞ്ഞു കയറി. ദീർഘായുസ്സുണ്ടായിരുന്ന ചിലർ മാത്രം മരത്തിൽ പിടിച്ചിരുന്ന് രക്ഷപ്പെട്ടു. ബാക്കിയുള്ളവർ വെള്ളത്തിന്റെ വരവും ഒഴുക്കും കണ്ട് ബോധമറ്റ് വെള്ളത്തിൽ തന്നെ വീണു മരിച്ചു.
മലവെള്ളപ്പാച്ചിലിൽ ഹൈറേഞ്ചിലുണ്ടായ നാശനഷ്ടങ്ങൾ അന്നത്തെ ദീപിക ലേഖകന്റെ ഭാഷയിൽ :ഏതു ശിലാഹൃദയന്റെയും കരളലിയിപ്പിക്കുന്നതാണ്“. പീരുമേട് മുതൽ വണ്ടിപ്പെരിയാർ വരെയുള്ള സകല മലയിലും ഉരുൾപൊട്ടി. നാൽപത്തിനാലാം മൈൽ കഴിഞ്ഞ് ഒരു കെട്ടിടത്തിനു മുകളിൽ മലയിടിഞ്ഞ് വീണ് നാൽപതു പേർ മരിച്ചു.
കെ.കെ. റോഡിൽ മലയിടിഞ്ഞു വീണപ്പോൾ മല നിന്ന ഭാഗത്ത് വലിയ കയവും റോഡിൽ അരമൈൽ നീളത്തിൽ പുതിയ കുന്നും രൂപപ്പെട്ടു. ആ കുന്നിലൂടെയാണ് ഇന്ന് കോട്ടയത്തു നിന്ന് കുമളിക്ക് വാഹങ്ങൾ പോകുന്നത്.
മലബാറിലും പ്രളയം നാശം വിതച്ചു. കർക്കടകം 17 ദിവസം കഴിഞ്ഞപ്പോഴും തെക്കേ മലബാർ വെള്ളത്തിലായിരുന്നു. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. രണ്ടു ദിവസം മുങ്ങിക്കിടന്ന പൊന്നാനി താലൂക്കിൽ മൃതദേഹങ്ങൾ ഒഴുകി നടന്നു. പക്ഷേ, അവ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും ഒഴുകി വന്നതായിരുന്നു. പ്രസിദ്ധ തടിവ്യവസായ കേന്ദ്രമായ കല്ലായിയിൽ നിന്ന് അന്നത്തെ വിലയ്ക്ക് 15 ലക്ഷം രൂപയുടെ തടിയാണ് ഒഴുകിപ്പോയത്. ബുഡിയറയിലെ വ്യവസായ ശാലയിൽ നിന്ന് ഇരുപത്തൊന്നരലക്ഷം മേച്ചിലോടുകളും പതിനായിരത്തിൽ പരം ഇഷ്ടികയും വിറകും ഒഴുകിപ്പോയി.
തീണ്ടലും തൊടീലും കർശനമായി പാലിച്ചിരുന്ന കാലടിയിലും മറ്റും വെള്ളം അയിത്തത്തെ എടുത്തുകൊണ്ടു പോയി. കാലടി തലയാറ്റുംപള്ളി മനയ്ക്കൽ നിന്നു കൊണ്ടുപോയ വലിയ ചെമ്പിൽ അരിവേവിച്ചാണ് അഭയകേന്ദ്രമായിരുന്ന മറ്റൂർ കുന്നിലെ സകല ജാതിക്കാർക്കും ചോറു കൊടുത്തത്. തെക്കിനേടത്തു മനയിലെ വാസു നമ്പൂതിരിയാണ് എല്ലാവർക്കും വേണ്ട അരിയും വിറകും നൽകിയത്.
പല ഉയർന്ന മലകളിലെയും ക്ഷേത്ര വളപ്പുകളിൽ ഇതാദ്യമായി എല്ലാ ജാതിക്കാരും കയറിക്കൂടി. ചിലയിടത്തു മാത്രം ക്ഷേത്ര മതിൽകെട്ടിനുള്ളിൽ കയറിയിരുന്ന സവർണർ മറ്റുള്ളവരെ അകത്തു കടത്തിയില്ല. കാലടിയിൽ പ്രകൃതി അയിത്തമവസാനിപ്പിച്ചപ്പോഴും ഏറെ അകലെയല്ലാതെ വൈക്കത്ത് അയിത്തതിനെതിരേ സഹനസമരം നടക്കുകയായിരുന്നു.
അയിത്ത ജാതിക്കാർക്ക് ക്ഷേത്ര റോഡിൽ കൂടി സഞ്ചരിക്കാൻ പാടില്ലെന്ന നിയമത്തിനെതിരായി വൈക്കം സത്യഗ്രഹം നടക്കുന്നത് 99-ലെ വെള്ളപ്പൊക്ക കാലത്താണ്. വെള്ളം പൊങ്ങിയിട്ടും സത്യഗ്രഹികൾ പിന്മാറിയില്ല. “വെള്ളത്തിനു മുകളിൽ സത്യഗ്രഹികളുടെ തലകൾ മാത്രം” എന്നായിരുന്നു കുറേ ദിവസത്തെ നില.
പ്രകൃതിയുടെയും സവർണ മേധാവികളുടെയും പീഡനത്തിനെതിരേ സത്യഗ്രഹികൾ പിടിച്ചു നിന്നെങ്കിലും സമരം വിജയിച്ചത് ഏറെ നാൾ കഴിഞ്ഞ് മഹാത്മാഗാന്ധി നേരിട്ട് ഇടപെട്ട ശേഷം മാത്രമാണ്.
കൊല്ലവർഷം 1057-ലും (ക്രിസ്തു വർഷം 1882-ൽ) കേരളത്തെ വിഴുങ്ങിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ചുവന്നു കലങ്ങി വെള്ളമൊഴുകിയ ആ പ്രളയത്തെ പഴമക്കാർ “ചെമ്പൻ വെള്ളപ്പൊക്ക”മെന്നു വിളിച്ചു.
എന്നാൽ, ചെമ്പൻ വെള്ളപ്പൊക്കത്തെയും മറികടന്നു കൊല്ലവർഷം 1099 കർക്കടകത്തിലെ പ്രളയം. ഒരു വശത്തു നിന്നു കടൽ വെള്ളവും മറുവശത്തു നിന്നു മലവെള്ളവും കേരളത്തെ വിഴുങ്ങിയ ഈ പ്രളയം കേരള ചരിത്രത്തിലെ ഏറ്റവും വലുത്. അതിനു ശേഷം 1939-ലും 1961-ലും മാത്രമേ അതിനടുത്തു വരുന്ന വെള്ളപ്പൊക്കമുണ്ടായിട്ടുള്ളു.